ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (20:31 IST)
ചാരവൃത്തിക്ക് പിടിയിലായ പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്‌ഥന്‍ മെഹമൂദ് അക്‌തറിന്റെയും കൂട്ടാളികളെയും ലക്ഷ്യം മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിലുള്ള ആക്രമണം സംഘടിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
പടിഞ്ഞാറൻ തീരത്തെ സേനാ വിന്യാസത്തിന്റെ വിവരങ്ങൾ ചോർത്താനാണ് മെഹമൂദ് അക്തർ കൂടുതലായും ശ്രമിച്ചിരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും ചോര്‍ത്താന്‍ ശ്രമം നടന്നത്.
പാകിസ്ഥാനിൽനിന്നുള്ള ഭീകരരെ കടൽമാർഗം ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഭാഗമായിട്ടാകണം പടിഞ്ഞാറൻ തീരത്തെ സേനാ വിന്യാസത്തിന്റെ വിവരങ്ങൾ ചോർത്താന്‍ മെഹമൂദ് അക്തർ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്തിലെ സർ ക്രീക്, കച്ച് മേഖലകളിലെ സൈനികവിന്യാസം സംബന്ധിച്ച വിവരങ്ങൾ മൗലാന റംസാൻ, സുഭാഷ് ജംഗീർ എന്നിവരാണ് അക്തറിന് വിവരം ചോർത്തി നൽകിയത്. ഇവര്‍ക്ക് പാകിസ്ഥാനില്‍ നിന്നാണ് ജോലിക്ക് പണം നല്‍കിയത്. ഇവരെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്‌തിരുന്നു.
അക്തർ കുറ്റം സമ്മതിച്ചതായും ഇതിന്റെ വീഡിയോ റെക്കോർഡ് ചെയ്‌തിട്ടുണ്ടെന്നും ഡൽഹി പൊലീസ് വ്യക്തമാക്കുന്നു.
പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ചില മേലുദ്യോഗസ്ഥരുടെ പേരുകൾ അക്തർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവർക്കാണ് വിവരങ്ങൾ കൈമാറിയിരുന്നതെന്ന് പറയുന്നു. എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇയാളെ വിട്ടയക്കുകയായിരുന്നു.