ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (17:47 IST)
ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ മോഷ്ടിച്ചതിന്റെ പേരില്‍ അറസ്‌റ്റിലായ പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനുളള നിര്‍ദേശവും ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്. മുഹമ്മദ് അക്തര്‍ എന്നയാളാണ് പിടിയിലായിരിക്കുന്നതെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മുഹമ്മദ് അക്തറിന് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന് കരുതുന്ന രണ്ടുപേരെകൂടി രാജസ്ഥാനില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മഹമൂദ് അക്തറിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും എത്രയും വേഗം ഇയാളെ പാകിസ്ഥാനിലേക്ക്
പറഞ്ഞയക്കണമെന്നും വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് ഹൈക്കമ്മീഷണറെ വ്യക്തമാക്കി.
പാക് ഹൈ കമ്മിഷണര്‍ അബ്ദുല്‍ ബാസിത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് പിടിയിലായ മഹമൂദ് അക്തര്‍. ചാരവൃത്തിക്ക് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു, സൈനികവിന്യാസം സംബന്ധിച്ച മാപ്പുകള്‍ അടക്കമുള്ള രേഖകള്‍ ഇയാളുടെ കൈയില്‍ നിന്നും പിടികൂടിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുകയും പാക് ഹൈക്കമ്മീഷണറെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന് നയതന്ത്ര പരിരക്ഷയുളളതിനാല്‍ കസ്റ്റഡിയില്‍ എടുത്ത മെഹമൂദ് അക്തറിനെ വിട്ടയക്കുകയും എത്രയും വേഗം ഇന്ത്യയില്‍ നിന്നും ഇയാളെ പറഞ്ഞയക്കണമെന്നും ഇന്ത്യ അബ്ദുള്‍ ബാസിതിനോട് ആവശ്യപ്പെട്ടു. പാകിസ്ഥാനു വേണ്ടി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് 2015 നവംബറില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.