പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതും, ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്തിമവിധിയും ഇന്ന് സുപ്രീംകോടതി പുറപ്പെടുവിക്കും

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: തിങ്കള്‍, 13 ജൂലൈ 2020 (07:55 IST)
വര്‍ഷങ്ങളായി ലോകം ഉറ്റുനോക്കുന്ന പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറതുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ വിധി ഇന്ന് സുപ്രീം കോടതി പുറപ്പെടുവിക്കും. ഇതോടൊപ്പം ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന്റെ പങ്ക്, ക്ഷേത്ര സുരക്ഷ സംബന്ധിച്ചകാര്യത്തിലും തീരുമാനമാകും. യുയു ലളിതും ഇന്ദുമല്‍ഹോത്രയും അടങ്ങുന്ന ബഞ്ചാണ് വിധിപറയുന്നത്. 2009 ഡിസംബര്‍ 18ലാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ടിപി സുന്ദരരാജന്‍ ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍ 2011 ജനുവരിയില്‍ നിലവറകള്‍ തുറന്ന് ആഭരണങ്ങള്‍ മ്യൂസിയത്തില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ഇതുചോദ്യം ചെയ്ത് രാജകുടുംബം സുപ്രീംകോടിയെ സമീപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നായിരുന്നു എ ബി നിലവറകള്‍ തുറക്കുന്നത് സുപ്രീംകോടതി മരവിപ്പിച്ചത്. സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യത്തിന്റെ ശുപാര്‍ശ പ്രകാരം ക്ഷേത്രത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടായിരുന്നു.

കേസ് നീണ്ടുപോയ ഒന്‍പതുവര്‍ഷത്തിനിടയില്‍ ഹര്‍ജിനല്‍കിയ ടിപി സുന്ദരരാജനും സുപ്രീംകോടതിയില്‍ കേസുനല്‍കിയ മാര്‍ത്താണ്ഡവര്‍മയും മരിക്കുകയും ജസ്റ്റിസുമാരായ രവീന്ദ്രന്‍, എകെ പട്‌നായിക്, ആര്‍എം ലോധ, ബോബ്‌ഡെ തുടങ്ങിയ ജഡ്ജിമാര്‍ മാറുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :