aparna shaji|
Last Updated:
ബുധന്‍, 22 ഫെബ്രുവരി 2017 (15:44 IST)
പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സർക്കാരിനേയും പൊലീസിനേയും രൂക്ഷമായി വിമർശിച്ച് പി ടി തോമസ് എം എൽ എ രംഗത്ത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും വൻ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് പി ടി തോമസ് ആരോപിക്കുന്നു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിയെ തിരിച്ചറിഞ്ഞതിനുശേഷം എങ്ങനെ പൾസർ സുനി രക്ഷപെട്ടു എന്ന് തോമസ് ചോദിയ്ക്കുന്നു. ഇത് പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വലിയ വിട്ടുവീഴ്ച തന്നെയാണെന്ന് എം എൽ എ ആരോപിക്കുന്നു. സംഭവം നടന്നിട്ട് ദിവസങ്ങളായി, പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. പൊലീസിന് കൂച്ചുവിലങ്ങ് ഇട്ടിരിക്കുകയാണ് എന്ന് പി ടി തോമസ് വ്യക്തമാക്കി.
മുഖ്യമന്ത്രി പ്രതികരിക്കേണ്ടത് സോഷ്യൽ മീഡിയകളിൽ അല്ല, സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു. നടിയ്ക്കെതിരായ ആക്രമണം ബ്ലാക്മെയിൽ ആണോയെന്ന് സംശയം ഉണ്ട്. ആക്രമണത്തിന് ശേഷം നടിയോട്
'നാളെ കാണണം' എന്ന് സുനി പറഞ്ഞു - ഇത് ബ്ലാക്മെയ്ലിംഗ് സാധ്യതയ്ക്ക് ആക്കം കൂട്ടുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
നടിക്ക് അപമാനകരമായ രീതിയിൽ വാർത്ത പ്രസിദ്ധീകരിച്ച കൈരളി ചാനലിനു നേരെ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ആക്രമം നടന്ന് മണിക്കൂറുകൾക്കുള്ളിൽ നടി പൊലീസിൽ പരാതി നൽകിയിരുന്നു. വിവരം ഡി ജി പിയെ അറിയിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം അറിഞ്ഞില്ല. പൊലീസിന്റെ ഭാഗത്ത് ഉണ്ടായത് വൻ വീഴ്ചയാണെന്നും അദ്ദേഹം പ്രതികരിച്ചു.