‘പ്രചരണം കഴിഞ്ഞു, ഇനി ക്ലീനിംഗ്’ - എറണാകുളം ക്ലീൻ ആക്കാൻ ആഹ്വാനം ചെയ്ത് പി രാജീവ്

ലെറ്റ്‌സ് ക്ലീന്‍ എറണാകുളം എന്ന ആഹ്വാനത്തോടൊപ്പമാണ് രാജീവ് ഇത് കുറിച്ചത്.

Last Modified ബുധന്‍, 24 ഏപ്രില്‍ 2019 (11:16 IST)
ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്ക് സമ്പൂര്‍ണ നിയന്ത്രണമുണ്ടായതോടെ പരിസ്ഥിതി സൗഹൃദ പ്രചരണം കൊണ്ട് ശ്രദ്ധ നേടിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ രണ്ട് ദിവസത്തിനകം മണ്ഡലത്തില്‍ തനിക്ക് വേണ്ടി സ്ഥാപിച്ചതും പതിച്ചതുമായ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. ലെറ്റ്‌സ് ക്ലീന്‍ എറണാകുളം എന്ന ആഹ്വാനത്തോടൊപ്പമാണ് രാജീവ് ഇത് കുറിച്ചത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രചരണബോര്‍ഡുകള്‍ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നിര്‍ദേശം പല ഘട്ടങ്ങളിലും അവഗണിക്കുന്നതിനാല്‍ പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് ജില്ലാ കലക്ടര്‍മാരാണ്.

നമ്മുക്ക് നമ്മുടെ രീതികള്‍ തുടരാം. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച ബോര്‍ഡുകൾ‍, പോസ്റ്ററുകള്‍ എന്നിവ രണ്ട് ദിവസത്തിനകം നീക്കാമെന്നാണ് രാജീവിന്റെ ആഹ്വാനം. നേരത്തെ സിപിഐഎം ഡിവൈഎഫ്‌ഐ സമ്മേളസമയത്തും പരിപാടികള്‍ അവസാനിച്ചതിന് പിന്നാലെ വേദിയും പരിസരവും മാലിന്യവിമുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇത് പിന്തുടര്‍ന്നിരുന്നു.

ബോര്‍ഡുകള്‍ക്ക് നിരോധനമുണ്ടായതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും ചുവരെഴുത്തിലേക്കും പോസ്റ്ററുകളിലേക്കും തിരിഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് തെരഞ്ഞെടുപ്പില്‍ ഫ്‌ളക്സുകള്‍ ഉപയോഗിക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കിയത്. ആറ്റിങ്ങല്‍ സ്വദേശിയായ ബിഎസ് ശ്യാംകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമായും ഫ്‌ളെക്‌സ് ബോര്‍ഡുകളെ ആശ്രയിക്കുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതിനാല്‍ കോടതി ഇടപെടണമെന്നായിരുന്നു ഹര്‍ജി.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റം അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെതിരെയാണ് മത്സരിച്ചത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :