കാഞ്ഞങ്ങാട്|
JOYS JOY|
Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (14:04 IST)
വേണ്ടിവന്നാല്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെതിരെ കേസ് എടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് ആണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. നെടുമങ്ങാട് പി ജയരാജൻ നടത്തിയ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ജയരാജന്റെ പ്രസംഗം പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കും. കതിരൂര്‍ മനോജ് വധക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് എന്നതിന് തെളിവാണ് ജയരാജന്‍റെ പ്രസംഗം. രാഷ്‌ട്രീയ കൊലപാതകങ്ങൾ സി പി എം തുറന്നു സമ്മതിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അക്രമ രാഷ്‌ട്രീയത്തെ ന്യായീകരിക്കുന്ന തരത്തിൽ പി ജയരാജന്‍ നെടുമങ്ങാട് പ്രസംഗം നടത്തിയത്. സി പി എം അക്രമത്തിന് മുന്‍കൈ എടുക്കാറില്ലെന്നും എന്നാല്‍ കടം സ്ഥിരമായി വന്നുകൊണ്ടിരുന്നാല്‍ തിരിച്ചുകൊടുക്കുമെന്നായിരുന്നു ജയരാജൻ പ്രസംഗിച്ചത്.
ഇതിന്‍റെ പേരില്‍ തന്നെ അക്രമകാരിയും കൊലയാളിയുമായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ല. കൊലപാതകക്കേസില്‍പ്പെട്ട മമ്പറം ദിവാകരനെയാണ് യു ഡി എഫ് സ്ഥാനാര്‍ഥി ആക്കിയിട്ടുള്ളതെന്നും പി ജയരാജന്‍ ആരോപിച്ചിരുന്നു.