അപർണ|
Last Modified ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (08:21 IST)
ജലന്തർ ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയിൽ വളരെ മോശമായ രീതിയിൽ പ്രതികരിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മിഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന്പി.സി.ജോർജ് എംഎൽഎ.
ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി.സി. ജോർജ് പ്രതികരിച്ചു. വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? – ജോർജ് പറഞ്ഞു.
അതേസമയം, വനിതാ കമ്മിഷൻ വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്ന് നിയമവൃത്തങ്ങൾ വിശദീകരിക്കുന്നു. കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്.
ചില അപഥ സഞ്ചാരിണികൾ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുകയാണെന്നും കന്യാസ്ത്രീ പരാതി നൽകാൻ എന്തിനു പതിമൂന്നാം തവണ വരെ കാത്തിരുന്നു എന്നുമായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്‌സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.