തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 11 ഡിസംബര്‍ 2015 (12:20 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച്
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. അൽപ്പമെങ്കിലും ലജ്ജയുണ്ടെങ്കിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുത്. ഇത്രയും നാണം കെട്ടൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. അഴിമതിയുണ്ടെന്ന് ജേക്കബ് തോമസ് പറയുബോള്‍ ഡിജിപി സെൻകുമാര്‍ ‘ഞഞ്ഞാ പിഞ്ഞാ’ പറയുകയാണെന്നും വിഎസ് പറഞ്ഞു.
അഴിമതി നടക്കുന്നുവെന്ന് ജേക്കബ് തോമസ് പറയുബോള്‍ സെൻകുമാര്‍ സര്‍ക്കാരിനെ നിരന്തരമായി ന്യായീകരിക്കുകയാണ്. അഴിമതിയെ ന്യായീകരിച്ച് സര്‍ക്കാരിനു വേണ്ടിയാണ് സെന്‍കുമാര്‍ സംസാരിക്കുന്നത്. പൊലീസില്‍ തന്നെ രണ്ട് തട്ടുണ്ട്. സര്‍ക്കാരും പൊലീസും രണ്ടു തട്ടില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും വി എസ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ആരോപണം നേരിടുന്ന എക്‍സൈസ് മന്ത്രി കെ ബാബുവിന് തുടരാന്‍ അര്‍ഹതിയില്ല. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാര്‍ രാജിവെച്ച് പുറത്തു പോകണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്തെത്തി. ഉമ്മൻചാണ്ടി വഴി വിട്ട് സഞ്ചരിച്ചതിന്റെ ഒരേട് മാത്രമാണ് സോളാര്‍ തട്ടിപ്പ് കേസെന്നും പിണറായി പറഞ്ഞു. ഉമ്മൻചാണ്ടി സോളാർ കമ്പനിയുടെ അംബാസഡറാണ്. ഉമ്മൻചാണ്ടിയ്ക്ക് ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹതയില്ലെന്നും പിണറായി പറഞ്ഞു.