സിഡി കണ്ടെടുക്കാന്‍ ബിജുവിനെ കൊണ്ടു പോകും; സിഡി കേരളത്തിന് പുറത്ത്, സരിതയ്‌ക്കും തനിക്കും ഇരട്ട നീതിയെന്നും ബിജു

ബിജു രാധാകൃഷ്ണൻ , സോളാർ കമ്മീഷന്‍ , സിഡി , സരിത എസ് നായര്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കൊച്ചി| jibin| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2015 (14:39 IST)
കൊച്ചി: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായ ലൈംഗികാരോപണത്തിന്‍റെ സിഡി 10 മണിക്കൂറിനകം ഹാജരാക്കാൻ സോളാർ കമ്മീഷൻ ഉത്തരവിട്ടു. സിഡി ഇന്ന് തന്നെ ഹാജരാക്കാമെന്ന് വ്യക്തമാക്കുകയും ചെയ്‌തു. സിഡി കേരളത്തിന് പുറത്താണുള്ളതെന്ന് വ്യക്തമാക്കിയതോടെ മൂന്ന് ജീവനക്കാരടക്കം ആറു പേര്‍ ബിജുവിനൊപ്പം പോകാനും കമ്മീഷനില്‍ തീരുമാനമായി. സിഡി എവിടെയാണെന്നോ ആരുടെ കൈയില്‍ ആണെന്നോ കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.

സിഡി ഹാജരാക്കാൻ ആരെയാണ് ചുമതലപ്പെടുത്തിയതെന്ന ഉത്തരവ് ഇതുവരെ കമീഷൻ പുറപ്പെടുവിച്ചിട്ടില്ല. സിഡി 10 മണിക്കൂറിനകം ഹാജരാക്കാനാണ് കമീഷൻ ഉത്തരവിട്ടിരിക്കുന്നത്.

രാജ്യത്ത് എവിടെ നിന്നാണെങ്കിലും സാക്ഷി മുഖേന തെളിവ് കമീഷന് മുമ്പിൽ എത്തിക്കാൻ അധികാരമുണ്ട്. അതിന് കേന്ദ്രനിയമം അനുവദിക്കുന്നുണ്ട്. ഇത് സാധാരണ ആരോപണമല്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖർക്കും എതിരായ ശക്തമായ ആരോപണമാണ്. അത് തെളിയിക്കാൻ ഉപോൽബലകമായ തെളിവാണിത്. സി.ഡിയുടെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തുകയും ബിജു രാധാകൃഷ്ണന്‍റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും കമീഷൻ അറിയിച്ചു. പ്രതിക്ക് 10 മണിക്കൂർ അനുവദിക്കുന്നതിന് തടസമുണ്ടോയെന്ന കമീഷന്‍റെ ചോദ്യത്തിന് അഭിഭാഷകർ എതിർത്തില്ല.

അതേസമയം, സോളാർ കമ്മീഷൻ മുമ്പാകെ ബിജു രാധാകൃഷ്ണൻ വികാരാധീനനായി. കേസില്‍ സരിത എന്‍ നായര്‍ക്കും തനിക്കും രണ്ടു നീതിയാണ് ലഭിച്ചത്. സരിതയേയും തന്നെയും നുണ പരിശേധനയ്‌ക്ക് ഹാജരാക്കണമെന്നും ബിജു ആവശ്യപ്പെട്ടു. സരിതയുടെ കത്ത് കണ്ടെടുക്കാനോ കമീഷൻ മുമ്പാകെ ഹാജരാക്കാനോ ആരും താൽപര്യം കാണിക്കുന്നില്ലെന്നും ബിജു പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്‌തരിക്കണമെന്ന് കാട്ടി കത്തും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ളവര്‍ സരിതയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് ബിജു മൊഴി നല്‍കിയത്. കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ സിഡി ഹാജരാക്കാമെന്നും ബിജു അവകാശപ്പെട്ടിരുന്നു. സിഡിയിലെ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ കണ്ടു താന്‍ ഞെട്ടിയെന്നു മറ്റു നേതാക്കളുടെ സിഡി മുഖ്യമന്ത്രിയെ കാണിച്ചെന്നും ദൃശ്യങ്ങള്‍ സരിത തന്നെയാണു ശേഖരിച്ചതെന്നും ബിജു മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ സിഡി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :