ജേക്കബ് തോമസിനെ മുക്കാലിയില്‍ കെട്ടി അടിക്കുകയാണ് വേണ്ടതെന്ന് ‘വീക്ഷണം’ മുഖപ്രസംഗം

കോഴിക്കോട്| JOYS JOY| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2015 (08:50 IST)
സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം നടത്തുന്ന ഡി ജി പി ജേക്കബ് തോമസിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ ‘വീക്ഷണ’ത്തിന്റെ മുഖപ്രസംഗം. ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കുന്നതിനു പകരം മുക്കാലിയില്‍ കെട്ടി അടിക്കുകയാണ് വേണ്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

താനൊഴികെ മറ്റുള്ളവരെല്ലാം ശരിയല്ലെന്ന് പറയുന്നവര്‍ക്ക് മനോരോഗമാണ്. അതിന് കുതിരവട്ടത്തോ ഊളംപാറയിലോ കൊണ്ടുപോയി ചികിത്സിക്കുകയാണ് വേണ്ടത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിത്വം നല്‍കുമെന്ന ആശ മനസ്സില്‍ വെച്ചാണ് ജേക്കബ് തോമസ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

കന്നിമാസം പിറക്കുമ്പോള്‍ പട്ടികള്‍ക്ക് കാമത്വര കലശലാകുന്നത് പോലെ തെരഞ്ഞെടുപ്പ് വര്‍ഷമായാല്‍ ചില ഉദ്യോഗസ്ഥ മേധാവികള്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ ജ്വരം വര്‍ധിക്കാറുണ്ടെന്നു പറഞ്ഞാണ് മുഖപ്രസംഗം തുടങ്ങുന്നത്.

അമ്മയെ തല്ലിയും ന്യൂസ് മേക്കറാകാന്‍ ശ്രമിക്കുന്ന ഇത്തരം യശസ് മോഹികള്‍ പൊലീസ് വകുപ്പിന് അപമാനവും അപകടവുമാണ്. വളയമില്ലാത ചാടുന്ന ഈ പോലീസ് ഉദ്യോഗസ്ഥന്‍ വരുതിയില്‍ നില്‍ക്കുന്നില്ലെങ്കില്‍ പുകഞ്ഞ കൊള്ളിയായി പുറത്തേക്കെറിയണം മുഖപ്രസംഗത്തില്‍ പറയുന്നു.

പൊലീസ് നിരയില്‍ ആശിച്ച പദവി കിട്ടാതായപ്പോഴാണ് ജേക്കബ് തോമസില്‍ അണ്ണാ ഹസാരെ പരകായ പ്രവേശം ചെയ്തതെന്നും വീക്ഷണം ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :