തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 16 ഡിസംബര്‍ 2015 (15:44 IST)
നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി
ഡിജിപി ജേക്കബ് തോമസ് രംഗത്ത്. തന്റെ കര്‍മഭൂമിയില്‍ നന്നായി കര്‍മം ചെയ്യുക എന്നതാണ് തന്റെ നയം. നിയമങ്ങള്‍ പാലിച്ചു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ബഹുനില കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ ചട്ടം മാറ്റി ഉത്തരവിറക്കിയ വിഷയത്തില്‍ ഇന്നലത്തെ നിയമം ആകണമെന്നില്ലോ ഇന്ന് എന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.
ജേക്കബ് തോമസിനെതിരെ നിയമസഭയില്‍ മഞ്ഞളാംകുഴി അലി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. താനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ജേക്കബ് വീട്ടിലിരുന്നേനെ. സര്‍ക്കാര്‍ ജേക്കബിനെ വേട്ടയാടുന്നുവെന്ന് എല്ലാവരും പറയുന്നു. എന്നാല്‍, യഥാര്‍ഥത്തില്‍ അദ്ദേഹമാണ് സര്‍ക്കാരിനെ വേട്ടയാടുന്നതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനാലാണ് ജേക്കബ് തോമസ് സര്‍വ്വീസിലിരിക്കുന്നത്. നിയമങ്ങളും രേഖകളും മതിയായ രീതിയില്‍ പഠിക്കാതെയാണ് അദ്ദേഹം പ്രസ്‌താവന നടത്തുന്നതെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു. കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കണോ എന്നതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്കുകയായിരുന്നു നഗര വികസന മന്ത്രി രാവിലെ പറഞ്ഞത്.