മുഖ്യമന്ത്രി ആരെയെങ്കിലും സൂക്ഷിച്ചൊന്നു നോക്കിയാല്‍ അദ്ദേഹം തൊഴിലാളി വിരുദ്ധനാവും, ഉമ്മന്‍ചാണ്ടി വിശാല ഹൃദയന് ‍- മഞ്ഞളാംകുഴി അലി

മഞ്ഞളാംകുഴി അലി , ഫേസ്‌ബുക്ക് പോസ്‌റ്റ് , ഡിജിപി ജേക്കബ് തോമസ്
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 20 ഡിസം‌ബര്‍ 2015 (14:53 IST)
ഡിജിപി ജേക്കബ് തോമസിനെ നിയമസഭയില്‍ വിമര്‍ശിച്ചതിന്റെ പെരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന മന്ത്രി മഞ്ഞളാംകുഴി അലി ഫേസ്‌ബുക്കില്‍. ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ വാര്‍ത്തയാണ്. കൃത്യമായി ജോലി ചെയ്യാത്തതിന് മുഖ്യമന്ത്രി ആരെയെങ്കിലും സൂക്ഷിച്ചൊന്നു നോക്കിയാല്‍ മതി അദ്ദേഹം തൊഴിലാളി വിരുദ്ധനാവും. മുഖ്യമന്ത്രി വളരെ വിശാല ഹൃദയനാണെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ പറയുന്നുണ്ട്.

മഞ്ഞളാംകുഴി അലിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

നിയമസഭയില്‍ ഒരു ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ എംഎല്‍എ ഉന്നയിച്ചപ്പോള്‍ പറഞ്ഞ മറുപടിയാണ് ഇപ്പോഴത്തെ ചര്‍ച്ച. അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങളുണ്ടായി. രണ്ടിലും സന്തോഷം.
ആരാധകരും അനുകൂലികളും എത്ര പരിഹസിച്ചാലും എന്റെ നിലപാടുകള്‍ മാറ്റേണ്ട സാഹചര്യമില്ല. പാര്‍ട്ടിക്കുള്ളിലെ വിമതരെയും മുന്നണികളില്‍ ഇടഞ്ഞുനില്‍ക്കുന്നവരെയും സര്‍ക്കാര്‍ സര്‍വീസിലിരുന്ന് സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെയുമാണ് മാധ്യമങ്ങള്‍ക്ക് പ്രിയം.

ഏതൊരു വ്യക്തിയെയും മഹത്വവല്‍ക്കരിക്കുന്നതിന് മുമ്പ് അവരുടെ സേവനത്തിന്റെ ബാലന്‍സ് ഷീറ്റ് പരിശോധിക്കുന്നത് നല്ലതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവുമ്പോള്‍ പ്രത്യേകിച്ചും. സര്‍വ്വീസിലിരിക്കുമ്പോള്‍ സര്‍ക്കാരിനും നാടിനും വേണ്ടി എന്തെല്ലാം ചെയ്തു, പുതിയ പദ്ധതികളെ എങ്ങനെ കൈകാര്യം ചെയ്തു, സര്‍ക്കാരിനൊപ്പം നിന്ന് എന്തൊക്കെ ചെയ്യാനായി തുടങ്ങി, തന്റെ അധികാരം കൊണ്ട് എത്രപേര്‍ക്ക് ഗുണമുണ്ടായി തുടങ്ങിയ ചുരുക്കം കാര്യങ്ങളിലൂടെ ഒന്ന് കണ്ണോടിക്കണം. അവിടെ വട്ടപ്പൂജ്യമല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് നോക്കണം. ഡെബിറ്റിലാവട്ടെ, മിക്കപ്പോഴും കാണാന്‍ കഴിയുക അതു പൂട്ടി, അത് നിര്‍ത്തിച്ചു, അത് ഇല്ലാതാക്കി, അവരെ ബുദ്ധിമുട്ടിച്ചു, ഒന്നും എനിക്ക് പ്രശ്‌നമല്ല തുടങ്ങിയ നിലപാടുകളും നടപടികളുമായിരിക്കും. സര്‍വ്വീസ് രംഗം വട്ടപ്പൂജ്യമാവുമ്പോള്‍, മേലുദ്യോഗസ്ഥരുടെ കണ്ണില്‍ കരടാവും. അതുംകൂടിയായാല്‍ പിന്നെ, ജനശ്രദ്ധ ആകര്‍ഷിക്കുന്നതിലാണ് ഇക്കൂട്ടര്‍ക്ക് താല്‍പ്പര്യം. അതിന് അഴിമതി വിരുദ്ധ പോരാട്ടമെന്ന കവചമുണ്ടാക്കും. നിലപാടുകള്‍ ഉള്ള ആളാണെന്ന് സ്വയം നടിക്കും. അതാണ് മീഡിയാ മാനേജ്‌മെന്റ്. ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ വാര്‍ത്തയാണ്. കൃത്യമായി ജോലി ചെയ്യാത്തതിന് മുഖ്യമന്ത്രി ആരെയെങ്കിലും സൂക്ഷിച്ചൊന്നു നോക്കിയാല്‍ മതി, അദ്ദേഹം തൊഴിലാളി വിരുദ്ധനാവും.

വാര്‍ത്തകളില്‍ നിറയാനായി ഇല്ലാത്ത ആദര്‍ശം പറയുന്നവര്‍ ഒന്നോര്‍ക്കുക. ജനപ്രതിനിധികള്‍ ഓരോ അഞ്ചുവര്‍ഷവും ജനങ്ങളാല്‍ വിലയിരുത്തപ്പെടുന്നവരാണ്. സുതാര്യമായ ജനാധിപത്യ സംവിധാനത്തിന്റെ സൗന്ദര്യമാണത്.
എന്നാല്‍ ഭാരിച്ച ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക്, ജോലിയില്‍ പ്രവേശിച്ചാല്‍ റിട്ടയര്‍ ചെയ്യുന്നതുവരെ ആരെയും പേടിക്കേണ്ട, അവര്‍ക്കുവേണ്ടതെല്ലാം ചെയ്യാം, ചോദിക്കാനും പറയാനും ആളില്ല എന്നൊക്കെയുള്ള തോന്നലുമായാണ് മുന്നോട്ടുപോകുന്നത്.

ഇന്നലെകളിലെ നിയമങ്ങള്‍ ഇന്ന് രാവിലെ എടുത്ത് മാറ്റാന്‍ പറ്റില്ല. ജനങ്ങളെ അനുസരിക്കണം. ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജാക്കന്‍മാര്‍. ഉദ്യോഗസ്ഥരുടെ നന്‍കളും ദോഷങ്ങളും ബാധിക്കുന്നത് സര്‍ക്കാരിനെയാണ്. മുഖ്യമന്ത്രി വളരെ വിശാല ഹൃദയനാണ്. ആ വിശാലത അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ വേണ്ടി ദുരുപയോഗപ്പെടുത്താന്‍ അനുവദിക്കില്ല. എല്ലാവര്‍ക്കും അത്ര വിശാലത ഉണ്ടായിക്കൊള്ളണമെന്നുമില്ല. നീതിയും ധര്‍മ്മവും ഒന്നിക്കുമ്പോള്‍ മാത്രമേ ജനത്തിന് ഗുണമുണ്ടാവൂ. ഇതുരണ്ടും വാചകക്കസര്‍ത്തിനുള്ളതുമല്ല, ലഭിച്ച അസവരം മാന്യമായി ഉപയോഗിക്കുന്നവര്‍ക്ക് ആരെയും, ഒന്നിനെയും ഭയപ്പെടേണ്ടതുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :