തെരഞ്ഞെടുപ്പ് കമ്മീഷനുമായി പ്രശ്‌നങ്ങളില്ല; കമ്മീഷന് പൂർണ പിന്തുണ: മുഖ്യമന്ത്രി

 മുഖ്യമന്ത്രി ഉമ്മൻചാണ്ടി , തെരഞ്ഞെടുപ്പ് കമ്മീഷന്‍ , തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (17:46 IST)
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സർക്കാരും കമ്മീഷനും തമ്മിൽ തർക്കങ്ങളില്ല. കോടതിവിധിക്ക് അനുസൃതമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

നവംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ സജ്ജമാണെന്നും ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തിലാണ് നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് അറിയിച്ചത്. അതേസമയം, തെരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കും. ഈ സാഹചര്യത്തില്‍ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരില്ല. പുതുതായി രൂപവത്കരിച്ച മുന്‍സിപ്പാലിറ്റികളുടെയും കോര്‍പ്പറേഷന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താനുള്ള ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് നവംബറിലേക്ക് നീട്ടിയത്.


നവംബര്‍ ആദ്യം തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. 28 നഗരസഭകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും കൊല്ലം കോര്‍പ്പറേഷനിലും തെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പ് നടത്താനുള്ള കരട് വോട്ടര്‍പട്ടിക തയ്യാറായതായും കമ്മീഷന്‍ അറിയിച്ചു. ആകെ 2.49 കോടി വോട്ടര്‍മാരാണ് ഉള്ളത്.


ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. എന്നാല്‍, രണ്ട് ദിവസങ്ങളില്‍ ആയിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഒന്നിടവിട്ട ജില്ലകളില്‍ രണ്ടു ദിവസങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :