ഓണ്‍ലൈന്‍ പഠനസൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കണം: ബാലാവകാശ കമ്മീഷന്‍

ശ്രീനു എസ്| Last Updated: ബുധന്‍, 3 ജൂണ്‍ 2020 (15:47 IST)
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈനില്‍ ആക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അതിനുള്ള അവസരം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന് അവകാശമുണ്ട്. പഠനം ഓണ്‍ലൈനില്‍ ആക്കുമ്പോള്‍ അതിനുള്ള അവസരം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
വളാഞ്ചേരിയില്‍ പട്ടികവിഭാഗത്തില്‍പ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക (14) തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് നടത്തിയ നിരീക്ഷണത്തിലാണ് കമ്മീഷന്‍ അഭിപ്രായം പ്രകടിപ്പിച്ചത്. ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം ഒരു കുട്ടിക്കും ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ജില്ല പൊലീസ് മേധാവി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പട്ടിക വര്‍ഗ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ഐ.ടി വകുപ്പ് സെക്രട്ടറി എന്നിവര്‍ പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. നസീര്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :