ഇത്തവണ ഓണക്കിറ്റ് ആറ് ലക്ഷം പേര്‍ക്ക്; സപ്ലൈകോയില്‍ 13 ഇനം ഭക്ഷ്യസാധനങ്ങള്‍ക്ക് സബ്‌സിഡി

മുന്‍ വര്‍ഷങ്ങളിലേതു പോലെ ഈ വര്‍ഷവും ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും

Onam Kit - 2024
രേണുക വേണു| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2024 (08:51 IST)
Onam Kit - 2024

സംസ്ഥാനത്തെ എ.എ.വൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും പതിമൂന്ന് ഇനം ഭക്ഷ്യ ഉല്പന്നങ്ങള്‍ അടങ്ങിയ ഓണകിറ്റ് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യും. ആറു ലക്ഷം പേര്‍ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലേതു പോലെ ഈ വര്‍ഷവും ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 6 മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഫെയറുകളില്‍ ഒരുക്കും.

ഓണക്കാലത്തു നിത്യോപയോഗ സാധങ്ങള്‍ തടസമില്ലാതെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ മാവേലി/സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി വില്‍പ്പന നടത്തും.

സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 1500 ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നത്. ഇതില്‍ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കിയുള്ളവ സഹകരണ ബാങ്കുകള്‍ മുഖേനയുമാണ് നടത്തുക. സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ 13 ഇനം സാധനങ്ങള്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ത്രിവേണികളില്‍ സാധനങ്ങള്‍ ലഭ്യമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :