തൃശൂർ|
jibin|
Last Modified വ്യാഴം, 6 ഡിസംബര്‍ 2018 (14:38 IST)
നോക്കുകൂലി നൽകാത്തതിന്റെ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പോസ്‌റ്ററുകളും നോട്ടിസുകളും സിഐടിയു തൊഴിലാളികൾ കടത്തിക്കൊണ്ടുപോയി. തൃശൂര്‍ രാഗം തിയേറ്ററിലാണ് സംഭവം. വിഷയത്തില്‍ സിറ്റി പൊലീസ് കമ്മിഷണർക്കു തിയേറ്റര്‍ ഉടമ പരാതി നല്‍കി.
തമിഴ്‌നാട്ടില്‍ പ്രിന്റ് ചെയ്‌ത് എത്തിച്ച നോട്ടിസുകളും പോസ്‌റ്ററുകളും ബസിലാണ് എത്തിച്ചത്. ഇതിനു കൊറിയർ കമ്പനിക്കാർ കൂലിയും നൽകി. തുടർന്ന് രാഗം തിയറ്ററിൽ എത്തിച്ച നോട്ടിസുകൾ കൊറിയർ കമ്പനിക്കാർ ഇറക്കിവച്ചതാണ് തര്‍ക്കത്തിനു വഴിവെച്ചത്.
തിയേറ്ററില്‍ നോട്ടിസുകള്‍ എത്തിച്ചതില്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ എത്തി. സര്‍ക്കാര്‍ നിശ്ചിയിച്ച തുക നല്‍കാന്‍ തയ്യാറാണെന്ന് തിയേറ്റര്‍ ഉടമ പറഞ്ഞെങ്കിലും എട്ടിരട്ടിയോളം കൂലി കൂടുതൽ ആവശ്യപ്പെട്ടതോടെ തുക നൽകാനാകില്ലെന്ന് ഉടമ വ്യക്തമാക്കി.
തര്‍ക്കം രൂക്ഷമായതോടെ പിരിഞ്ഞു പോയ തൊഴിലാളികള്‍ തിരിച്ചെത്തി ഇറക്കിയ നോട്ടിസും ബണ്ടിലുകളുമായി കടന്നുകളയുകയായിരുന്നു. ഇവയുമായി വന്ന പെട്ടി ഓട്ടോറിക്‌ഷാ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണു സിഐടിയുക്കാർ സാധനങ്ങൾ കൊണ്ടുപോയത്.