കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി വെട്ടേറ്റു മരിച്ചു; ബന്ധുവായ പ്രതി അറസ്‌റ്റില്‍ - കൊലയ്‌ക്ക് കാരണം ബാറില്‍ വെച്ചുണ്ടായ തര്‍ക്കം

  poth shaji , police , criminal case , പൊലീസ് , പോത്ത് ഷാജി , വെട്ടേറ്റു
തിരുവനന്തപുരം| മെര്‍ലിന്‍ സാമുവല്‍| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2019 (16:29 IST)
വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി എന്ന് വിളിക്കുന്ന തേവന്‍പാറ വിളയില്‍ വീട്ടില്‍ ഷാജി(45) മരിച്ചു. തലയിൽ ആഴത്തിലേറ്റ വെട്ടാണ് മരണകാരണം. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

സഹോദരി പുത്രനായ സജീദാണ് വെള്ളിയാഴ്ച്ച രാത്രി ഷാജിയെ വെട്ടിയത്. വിതുര ബാറില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. രാത്രി എട്ടരയോടെ തേവൻപാറയിലെ വീട്ടിലെത്തിയ ഷാജിയെ പിന്തുടര്‍ന്ന് എത്തിയ സജീദ് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.

തലയുടെ ഇടതു ഭാഗത്തും മുഖത്തും മാരകമായി മുറിവേറ്റ ഷാജിയെ രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു. ഓടി രക്ഷപ്പെട്ടെ സജീദിനെ പൊലീസ് പിന്നീട് പിടികൂടി.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാജിയെ ഗുണ്ടാ ആക്ട് പ്രകാരവും കാപ്പ നിയമപ്രകാരവും അറസ്റ്റിലായ ആളാണ്. വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ സമീപകാലത്ത് ഇയാള്‍ പിടിയിലായിരുന്നു. ഇതോടൊപ്പം മോഷണം, വധശ്രമം, ആയുധം കൊണ്ടുള്ള ആക്രമണം, മാരകമായി പരിക്കേല്‍പ്പിക്കല്‍, പിടിച്ചു പറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായിരുന്നു ഷാജി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :