സോളാര്‍ അന്വേഷണം സിബിഐക്ക് കൈമാറേണ്ടെന്ന് സര്‍ക്കാര്‍

Last Modified വ്യാഴം, 17 ജൂലൈ 2014 (07:54 IST)
സോളാര്‍ തട്ടിപ്പ്‌ കേസുകളുടെ അന്വേഷണം സിബിഐക്ക്‌ കൈമാറേണ്ട ആവശ്യമില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തട്ടിപ്പില്‍ സര്‍ക്കാരിന്‌ സാമ്പത്തിക നഷ്‌ടം ഉണ്ടായിട്ടില്ല. കേസ്‌ അന്വേഷണത്തിനെതിരേയോ പ്രതികളെ ഒഴിവാക്കിയെന്നതിനെക്കുറിച്ചോ തട്ടിപ്പിനിരയായവരാരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും സര്‍ക്കാരിനുവേണ്ടി കോട്ടയം ഡിവൈഎസ്‌പി: വി അജിത്‌ കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു.

കേസുകളുടെ അന്വേഷണം സിബിഐക്കു കൈമാറണമെന്നും പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ ആദായനികുതി വകുപ്പോ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സര്‍ക്കാര്‍ നിലപാട്‌ വിശദീകരിച്ചത്‌.

33 കേസുകളുടെ അന്വേഷണത്തിനായി രൂപവല്‍ക്കരിച്ച പ്രത്യേക അന്വേഷണ സംഘം 1092 സാക്ഷികളെ ചോദ്യം ചെയ്യുകയും യ1676 രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. ഭൂരിഭാഗം കേസുകളിലും വിശ്വാസവഞ്ചന, വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങളാണ്‌ ആരോപിച്ചിട്ടുള്ളത്‌. കേസുകള്‍ നിലവില്‍ വിചാരണാഘട്ടത്തിലാണ്‌. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക്‌ കൈമാറണമെന്ന ആവശ്യം നിയമപരമല്ല. തട്ടിപ്പിനിരയായ വ്യക്‌തിയോ പ്രതിയോ അല്ലാത്തതിനാല്‍ അന്വേഷണം മറ്റൊരു ഏജന്‍സിക്കു കൈമാറണമെന്നാവശ്യപ്പെടാന്‍ വിഎസിന്‌ അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :