കൊച്ചി|
Last Modified തിങ്കള്‍, 10 നവംബര്‍ 2014 (11:28 IST)
ചാലക്കുടി പുഴ മലിനമാക്കുന്നുവെന്ന് ആരോപണമുയര്‍ന്ന നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസ് ഒരുസംഘം ആളുകള്‍ അടിച്ചു തകര്‍ത്തു. പനമ്പിള്ളി നഗറിലെ ഓഫീസിനു മുമ്പിലുണ്ടായിരുന്ന വാഹനങ്ങളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളെന്ന് റിപ്പോര്‍ട്ട്. ഒരു മലയാളി അടക്കം ഒമ്പതംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവസ്ഥലത്തുനിന്നും മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെത്തി. കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ജലമാണ് കാതിക്കുടത്തുള്ള കമ്പനി ഉപയോഗിക്കുന്നത്. തദ്ദേശീയര്‍ക്ക് തൊഴില്‍ കൊടുക്കാത്ത കമ്പനിക്കെതിരേ സായുധ ശക്തികൊണ്ട് മറുപടി നല്‍കും തുടങ്ങിയവയാണ് ലഘുലേഖയിലെ ഉള്ളടക്കം.
രാവിലെ എട്ടുമണിയോടെയാണ് പത്തോളം വരുന്ന സംഘം ഓഫീസില്‍ കയറി ആക്രമണം നടത്തിയത്. ഓഫീസിനകത്തെ ചില്ലുകളും കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. ചില്ലിനു മുകളില്‍ ചുവന്ന നിറത്തിലുള്ള ദ്രാവകം ഒഴിച്ചിട്ടുണ്ട്. ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. പ്രതികളെ പിടികൂടാന്‍ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും കര്‍ശന പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാതിക്കുടത്തെ നിറ്റാ ജെലാറ്റിന്‍ കമ്പനിയില്‍ നിന്നൊഴുക്കുന്ന ജലം ചാലക്കുടിപ്പുഴയെ മലിനമാക്കുന്നുവെന്നാണ് ആരോപണം. പുഴയിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. മലിനീകരണത്തിനെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ തുടരുകയാണ്.