ന്യൂഡല്‍ഹി|
jibin|
Last Updated:
ചൊവ്വ, 4 ഓഗസ്റ്റ് 2015 (11:16 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിക്കായുള്ള കബോട്ടാഷ് നിയമത്തില്‍ ഇളവുനല്‍കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിഗണനയിലാണ്. ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടന്ന കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമായിരുന്നു കബോട്ടാഷ് നിയമം പരിഗണയിലെന്ന് കേന്ദ്രഗതാഗത മന്ത്രി വ്യക്തമാക്കിയത്.
വിഴിഞ്ഞം തുറമുഖത്തു നിന്ന് തിരുവനന്തപുരം ബൈപ്പാസ് വരെ ദേശീയപാത നിര്‍മ്മിക്കാനും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ദേശിയ പാത നിര്‍മ്മിക്കാനും ഗഡ്കരിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. കേരളത്തിന്റെ ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം; കേരളത്തിലെ ദേശീയപാതയുടെ വീതി 45 മീറ്ററാക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം സർക്കാർ തത്വത്തിൽ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി യോഗത്തിനു ശേഷം പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതായും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയെ മുഖ്യമന്ത്രിയെ അറിയിച്ചു.