നിപ്പ വൈറസ് ഒരാൾ കൂടി മരിച്ചു; മക്കൾക്ക് പിന്നാലെ അച്ഛനും, മരണസംഖ്യ 12 ആയി

നിപ്പ വൈറസ്: ഒരാൾ കൂടി മരിച്ചു; ഇതോടെ ഒരു കുടുംബത്തിൽ മാത്രമുണ്ടായത് നാലുമരണം

കോഴിക്കോട്| Rijisha M.| Last Updated: വ്യാഴം, 24 മെയ് 2018 (11:16 IST)
സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് ഒരാൾ കൂടി മരിച്ചു. ചെങ്ങോരത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ് മൂസ. മെയ് 18-ന് പനിയെത്തുടർന്നായിരുന്നു മൂസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ വീടിന്റെ കിണറ്റിൽ നിന്നായിരുന്നു വവ്വാലുകളെ കണ്ടെത്തിയത്. ഇതോടെ മരണം 12 ആയെങ്കിലും 11 പേർക്ക് മാത്രമേ നിപ്പയാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളൂ.

പനിയെത്തുടർന്ന് മൂസയുടെ മകൻ സാബിത്തിനെ ഈ മാസം മൂന്നിനായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ചിന് മരിക്കുകയും ചെയ്‌തു. 18-ന് സാലിഹും 19-ന് സഹോദരഭാര്യ മറിയവും മരിച്ചു. ഇവരുടെ മരണ കാരണം നിപ്പയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ 25-ന് മൂസയും മക്കളായ സാബിത്തും സാലിഹും ആപറ്റിയിൽ പുതിയതായി വാങ്ങിയ വീട്ടിലെ കിണർ വൃത്തിയാക്കിയിരുന്നു. പിന്നീട് ഈ കിണറ്റിലാണ് വവ്വാലുകളെ കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്കുകൂടി നിപ്പയാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ മരിച്ച മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭർത്താവ് ഉബീഷിനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നു പേരെയും കോട്ടയം മെഡിക്കൽ കോളജിൽ രണ്ടുപേരെയും ഇന്നലെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. ഇതോടെ രോഗം സംശയിച്ചു മൊത്തം 17 പേരാണു ചികിത്‌സയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :