നിപ സമ്പര്‍ക്ക പട്ടികയില്‍ 406 പേര്‍; ഇന്നത്തെ ഒന്‍പത് പരിശോധനാ ഫലവും നെഗറ്റീവ്

നിലവില്‍ 406 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്

Nipah Virus - Kerala
രേണുക വേണു| Last Modified തിങ്കള്‍, 22 ജൂലൈ 2024 (20:18 IST)
Nipah Virus - Kerala

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ഒന്‍പത് പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടു പേരുടെയും പരിശോധനാ ഫലം ഇതില്‍ ഉള്‍പ്പെടും. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട് സാംപിള്‍ ശേഖരിച്ച തിരുവനന്തപുരത്തു നിന്നുള്ള രണ്ടു പേരുടെ പരിശോധനാ ഫലം നാളെ (ജൂലൈ 23) പുലര്‍ച്ചെയോടെ ലഭിക്കും.

നിലവില്‍ 406 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 194 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരില്‍ 139 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരാണ് വിവിധ ആശുപത്രികളിലായി അഡ്മിറ്റായി ചികിത്സ തേടുന്നത്. ഫലം നെഗറ്റീവാവുകയും പനി അടക്കമുള്ള ലക്ഷണങ്ങള്‍ സുഖപ്പെടുകയും ചെയ്തവരെ ഡിസ്ചാര്‍ജ് ചെയ്യും. ഇവര്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള ഐസൊലേഷനില്‍ തുടരണം.

2023 കണ്ടെത്തിയ നിപ വൈറസിന്റെ വകഭേദം തന്നെയാണ് ഇവിടെ നിന്നും കണ്ടെത്തിയ വൈറസും എന്ന കാര്യം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സ്ഥിരീകരിച്ചിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :