കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മെയ് 16ന്, വോട്ടെണ്ണല്‍ 19ന്; ഇത്തവണ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് പ്രത്യേക ചിഹ്‌നം

ന്യൂഡല്‍ഹി| JOYS JOY| Last Updated: വെള്ളി, 4 മാര്‍ച്ച് 2016 (16:00 IST)
കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ തിയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഒറ്റഘട്ടമായിട്ടാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. മെയ് 16നാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്‌ഞാപനം ഏപ്രില്‍ 22ന് പുറപ്പെടുവിക്കും. അന്നുമുതല്‍ ഏപ്രില്‍ 29 വരെ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 30നാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാനതിയതി മെയ് രണ്ടിനാണ്. മെയ് 16ന് വോട്ടെടുപ്പും 19ന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സയിദി അറിയിച്ചതാണ് ഇക്കാര്യം.

കേരളത്തെ കൂടാതെ, അസം, വെസ്റ്റ് ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 824 നിയമസഭ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായും കമ്മീഷണര്‍ അറിയിച്ചു. നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി ആകെ 17 കോടി വോട്ടര്‍മാര്‍ ആണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.കേരളത്തില്‍ 2.56 കോടി വോട്ടര്‍മാര്‍ ആണ് ഉള്ളത്. വോട്ടര്‍മാര്‍ വോട്ടര്‍ പട്ടിക പരിശോധിക്കുകയും പേര് ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെങ്കിലും വോട്ടര്‍ പട്ടികയില്‍ പേര് നിര്‍ബന്ധമാണെന്നും കമ്മീഷന്‍ അറിയിച്ചു. കേരളത്തില്‍
ആകെ 21, 498 പോളിംഗ് സ്റ്റേഷന്‍ ആയിരിക്കും ഉണ്ടാകുക. എല്ലാ അസംബ്ലി മണ്ഡലങ്ങളിലും മാതൃക പോളിംഗ് സ്റ്റേഷന്‍ ഉണ്ടായിരിക്കും.

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ആയിരിക്കും എല്ലായിടത്തും ഉപയോഗിക്കുക. വികലാംഗര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൌകര്യം ഏര്‍പ്പെടുത്തും. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും വോട്ടിംഗ് യന്ത്രത്തില്‍ ഉണ്ടായിരിക്കും. അപരന്മാരുടെ ശല്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്. നോട്ടയ്ക്ക് ആദ്യമായി പ്രത്യേക ചിഹ്‌നവും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തും. വോട്ടിംഗ് യന്ത്രത്തില്‍ അവസാനം ആയിരിക്കും നോട്ടയുടെ സ്ഥാനം.

നാമനിര്‍ദ്ദേശ പത്രിക നല്കുന്നതിനു പത്തു ദിവസം മുമ്പു വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ബംഗാളിലും അസമിലും വോട്ടെടുപ്പ് നടക്കുന്ന എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും കേന്ദ്രസേനയെ വിന്യസിക്കും. എല്ലാ ജില്ലകളിലും അഞ്ച് കേന്ദ്ര നിരീക്ഷകരെ വീതം അയയ്ക്കും. പെയ്ഡ് ന്യൂസ് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മുന്നോട്ടു വെച്ചു. കാലാവസ്ഥ, പരീക്ഷാസമയം, ഉത്സവസമയം ഇതെല്ലാം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതെന്ന് പറഞ്ഞു കൊണ്ടായിരുന്നു നസിം സയിദി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :