തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 2 ഏപ്രില്‍ 2017 (14:10 IST)
വിജിലൻസ് മേധാവിയുടെ ചുമതലയേറ്റെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിസമ്മതിക്കുന്നത് സര്‍ക്കാരിന് തലവേദനയാകുന്നു.
ഫയർഫോഴ്സ് മേധാവിയായ എ ഹേമചന്ദ്രനെയും എക്സൈസ് മേധാവിയായ ഋഷിരാജ് സിംഗിനെയും ഈ സ്ഥാനത്തേക്കു പരിഗണിച്ചെങ്കിലും ഇരുവരും അതൃപ്തി അറിയിച്ചതായാണ് വിവരം.
വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന മിതത്വമുള്ള ഓഫീസറെന്ന പേരാണ് ഹേമചന്ദ്രന് ഗുണകരമാകുന്നതെങ്കില്‍ ജനകീയനെന്ന മുഖമാണ് ഋഷിരാജ് സിംഗിന് ഗുണമാകുന്നത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നു ബോധ്യപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്.
വിജിലൻസ് മേധാവിയെ നിയമിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങൾ ഉണ്ടായേക്കും. പൊലീസിന്റെ ഭാഗത്തു നിന്നും നിരന്തരമായി ഉണ്ടാകുന്ന വീഴ്‌ചകളാണ് ഈ നീക്കത്തിന് കാരണം. ഈ മാസം പത്തിന് സെൻകുമാറിന്റെ ഹർജിയിൽ കോടതി വിധി വന്നശേഷമാകും അഴിച്ചു പണികളുണ്ടാകുക.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനങ്ങൾക്കു പിന്നാലെയാണ് ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. ഈ വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ടാണെന്നും ഇദ്ദേഹത്തെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നും സർക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.