തിരുവനന്തപുരം|
jibin|
Last Modified ശനി, 1 ഏപ്രില്‍ 2017 (16:53 IST)
വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കിയത് സര്‍ക്കാരിന് തിരിച്ചടിയാക്കുമെന്ന് സൂചന. അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്കു കോട്ടം വരുമോയെന്ന ഭയത്തിലാണ് പിണറായി വിജയന്‍ സര്‍ക്കാരിപ്പോഴുള്ളത്.
പുതിയ സാഹചര്യത്തില്‍ ജനകീയനായ ഋഷിരാജ് സിംഗിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്കു പരിഗണിക്കുന്ന കാര്യത്തില്‍ സാത്യത കൂടുതലാണ്. ഋഷിരാജ് സിംഗിന് പുതിയ ചുമതല നല്‍കിയാല്‍ നിലവിലെ പേരുദോഷം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.
ഡിജിപി എ ഹേമചന്ദ്രനെയും വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന മിതത്വമുള്ള ഓഫീസറെന്ന പേരാണ് ഹേമചന്ദ്രന് ഗുണകരമാകുന്നത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നു ബോധ്യപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനങ്ങൾക്കു പിന്നാലെയാണ് ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. ഈ വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ടാണെന്നും ഇദ്ദേഹത്തെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നും സർക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.
ഇപി ജയരാജൻ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടിപി ദാസൻ ഉൾപ്പെട്ട സ്പോർട്സ് ലോട്ടറി കേസ്, മുൻ ധനമന്ത്രി കെഎം മാണി ഉൾപ്പെട്ട ബാർ കേസുകൾ എന്നിവയിൽ ജേക്കബ് തോമസ് കർശന നിലപാടെടുത്തതാണ് സര്‍ക്കാരിന്റെ അതൃപ്‌തിക്ക് കാരണമായത്.