രേണുക വേണു|
Last Modified വെള്ളി, 19 ജനുവരി 2024 (08:27 IST)
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിനു നല്‍കിയ സ്വീകരണത്തിലാണു പുതിയ കേസെടുത്തിരിക്കുന്നത്. അന്യായമായ സംഘം ചേരല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ 12 യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരിലും കണ്ടാലറിയാവുന്ന നൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കി, സര്‍ക്കാര്‍ ഫ്‌ളക്‌സ ബോര്‍ഡുകള്‍ നശിപ്പിച്ചു, പൊലീസ് ആജ്ഞ ലംഘിച്ച് ന്യായവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
സമീപകാലത്ത് തിരുവനന്തപുരത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുക്കുന്ന അഞ്ചാമത്തെ കേസാണിത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട നാലു കേസുകളിലും ഡിജിപി ഓഫീസ് മാര്‍ച്ച് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.