വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 17 ഡിസംബര്‍ 2020 (07:50 IST)
കൊച്ചി: പ്രിസൈഡിങ് ഓഫീസർ ചട്ടങ്ങൾ മറികടന്ന് ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്തതാണ് താൻ ഒരു വോട്ടിന് പരാജയപ്പെടാൻ കാരണം എന്ന ആരോപണവുമായി കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട എൻ വേണുഗോപാൽ.
കൊച്ചി കോർപ്പറേഷൻ ഐലൻഡ് നോർത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട്
എൻ വേണുഗോപാൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
'വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 496 വോട്ടിങ് സ്ലിപ്പുകൾ ലഭിച്ചു. എന്നാൽ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയത് 495 വോട്ടുകൾ മാത്രമായിരുന്നു. ഒരു വോട്ട് യന്ത്രത്തിൽ കാണാതെവന്നതോടെ പ്രിസൈഡിങ് ഓഫീസർ ചട്ടങ്ങൾ മറികടന്ന് നറുക്കിട്ടു. ബിജെപിയ്ക്കാണ് നറുക്ക് വീണത്. തങ്ങളുടെ എതിർപ്പ് വകവയ്ക്കാതെ പ്രിസൈഡിങ് ഓഫീസർ ബിജെപി സ്ഥാനാർസ്ഥിയ്ക്ക് വോട്ട് ചെയ്തു. ഫലം വന്നപ്പോൾ തനിയ്ക്ക് 181 വോട്ടും ബിജെപി സ്ഥാനാർത്ഥിയ്ക്ക് 182 വോട്ടും, പ്രിസൈഡിങ് ഓഫീസർ നിയമവിരുദ്ധമായി ബിജെപിയ്ക്ക് വോട്ട് ചെയ്തതാണ് പരാജയത്തിന് കാരണം.' എൻ വേണുഗോപാൽ പരാതിയിൽ ആരോപിയ്ക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായ എം പദ്മകുമാരിയോടാണ് എൻ വേണുഗോപാൽ ഒരുവോട്ടിന് പരാജയപ്പെട്ടത്.