അഭിറാം മനോഹർ|
Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (18:50 IST)
കേരള
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിശിതമായി വിമർശിച്ച് മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ്. മത വിശ്വാസമില്ലാത്ത, മതാചാരങ്ങൾ പാലിക്കാത്ത വ്യക്തി മത നിയമങ്ങളിൽ അഭിപ്രായം പറയുകയോ ഖുർആൻ വ്യാഖ്യാനിക്കുകയോ വേണ്ടെന്ന് മജീദ് വ്യക്തമാക്കി.
രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയും ചെയ്യുന്ന പ്രവണത മുൻപും ഗവർണറിൽനിന്ന് ഉണ്ടായിട്ടുണ്ട്. മതം പറയാൻ ഇവിടെ പണ്ഡിതരുണ്ടെന്നും കെപിഎ മജീദ് പറഞ്ഞു.
കേരളത്തിൽ ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ല. മതേതര കേരളത്തെ വർഗീയമായി തരംതിരിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ശരീഅത്തിനെതിരായ കാമ്പയിനിൽ ഇന്ത്യയിലെ മുസ്ലിംകൾക്കെതിരെ നിലകൊണ്ട വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഹിജാബ് വിഷയം മുതലെടുത്ത് ചരിത്രം ആവർത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
ഭരണഘടനാ പദവിയിൽ ഇരുന്ന് മതത്തെയും മതനിയമങ്ങളെയും വിമർശിക്കുന്ന നിലപാട് ഗവർണർ അവസാനിപ്പിക്കണം. കെപിഎ മജീദ് ആവശ്യപ്പെട്ടു. നേരത്തെ മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയും ഗവർണറെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.