തിരുവനന്തപുരം/ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (19:56 IST)
കേരളാ കോണ്‍ഗ്രസിന് (എം) പിന്നാലെ മുസ്ലിം ലീഗും കോണ്‍ഗ്രസുമായി ഇടയുന്നു. കെപിസിസി പ്രസിഡന്റും പാര്‍ലമെന്ററി പാര്‍ട്ടിയും രണ്ട് ദിശയിലാണെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം കോൺഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്ക് കത്ത് നൽകി.
കേരളത്തിൽ കെപിസിസി അദ്ധ്യക്ഷനും പാർലമെന്ററി പാർട്ടിയും തമ്മിൽ ചേർച്ചയില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മൂന്ന് ദിശയിലാണ്. അതിനാല്‍ അണികള്‍ക്കിടയിലല്ല നേതാക്കള്‍ക്കിടയിലാണ് ചേര്‍ച്ചയില്ലായ്‌മയെന്ന് വ്യക്തമായെന്നും കത്തിൽ ആരോപിക്കുന്നു.
കെപിസിസി പ്രസിഡന്റും പാര്‍ലമെന്ററി പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടികൾ എടുക്കേണ്ടി വരും.
കേരളത്തില്‍ ഇത്തരമൊരു സംവിധാനത്തില്‍ ലീഗിന് തുടരാനാകില്ല. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ലീഗിന് സ്വന്തം വഴി നോക്കേണ്ടിവരുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.
കോണ്‍ഗ്രസ് അണികള്‍ക്കിടയിലെ ഐക്യം പോലും നേതാക്കള്‍ക്കില്ല. ഇത്തരമൊരു സാഹചര്യവുമായി മുന്നോട്ടുപോകാന്‍ യുഡിഎഫിനാകില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച്ച നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാന പ്രകാരമാണ് കത്ത് സോണിയാ ഗാന്ധിക്ക് കൈമാറിയത്.