എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 11 ഏപ്രില്‍ 2023 (10:30 IST)
തിരുവനന്തപുരം: ബൈക്കിൽ യാത്ര ചെയ്ത കൊലക്കേസ് പ്രതിയുടെ അപകടമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കുപ്രസിദ്ധ ഗുണ്ടയും ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയുമായ രഞ്ജിത്ത് എന്ന മുപ്പതുകാരൻ ടിപ്പർ ഇടിച്ചു മരിച്ചത് കൊലപാതകമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ടിപ്പർ ഓടിച്ചിരുന്ന ഡ്രൈവർ കീഴാറൂർ കൊല്ലങ്കാല ശ്യാമനിവാസിൽ ശശീന്ദ്രൻ മകൻ ശരത് എന്ന ഇരുപത്തെട്ടുകാരൻ കഴിഞ്ഞ ദിവസം വൈകിട്ട് നെയ്യാറ്റിൻകര ജൂഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി. എന്നാൽ ഇയാൾക്കൊപ്പം ടിപ്പറിൽ ഉണ്ടായിരുന്ന രണ്ടു പേർ ഒളിവിലാണ്. ഇവർക്കായി മാരായമുട്ടം പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവരായിരുന്നു മരിച്ച രഞ്ജിത്തിന്റെ ആശുപത്രിയിൽ എത്തിച്ചതും മരിച്ചെന്നു ഉറപ്പാക്കിയ ശേഷം ഒളിവിൽ പോയതും. 2015 ൽ മാരായമുട്ടത്ത് ബിവറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുമ്പിൽ എട്ടു പേർ ചേർന്ന് ജോസ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഇപ്പോൾ മരിച്ച രഞ്ജിത്ത്. ഈസ്റ്റർ ദിനത്തിന്റെ രാവിലെ രഞ്ജിത്തുമായി ശരത്തും കൂട്ടരും വാക്കുതർക്കറ്റിൽ ഏർപ്പെട്ടതും പൊലീസിന് സംശയം ജനിപ്പിച്ചിരുന്നു.