ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

എ കെ ജെ അയ്യർ| Last Modified ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (16:59 IST)
എറണാകുളം : വിവാദമായ ബാലിക കൊലക്കേസിൽ കുട്ടിയുടെ അമ്മയുടെ കാമുകനായ ഒന്നും പ്രതിക്കെതിരെ
വിചാരണ കോടതി ചുമത്തിയിരുന്ന കൊലപാതക കുറ്റം റദ്ദാക്കി പകരം മനഃപൂര്‍വമല്ലാത്ത നരഹത്യയും ഗൂഡാലോചന കുറ്റവും ചുമത്തി കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപയും ഹൈക്കോടതി ശിക്ഷ വിധിച്ചു.

കേസിൽ ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്‌സോ കേസും കുട്ടിയുടെ അമ്മയ്‌ക്കെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും കോടതി റദ്ദാക്കി. കേസിൽ പ്രതികള്‍ കൊലപാതകം ചെയ്തു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് ശിക്ഷയില്‍ ഇളവ് നല്‍കിയത്.

കേസിലെ ഒന്നാം പ്രതിയായ എറണാകുളം മീമ്പാറ കൊന്നംപറമ്പില്‍ രഞ്ജിത്തിന് വധശിക്ഷയും രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയുര്‍ ആലുങ്കല്‍ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കുരിക്കാട്ടില്‍ ബേസില്‍ കെ.ബാബു എന്നിവര്‍ക്ക് ജീവപര്യന്തവുമാണ് വിചാരണ കോടതി വിധിച്ചത്.2013 ഒക്ടോബര്‍ 29ന് അമ്മയും 2 കാമുകന്മാരും ചേര്‍ന്ന് 4 വയസ്സുകാരിയെ കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സമാകുമെന്നു കരുതി മൂവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് കേസ്'



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :