എ കെ ജെ അയ്യര്‍|
Last Modified ശനി, 19 ഫെബ്രുവരി 2022 (12:43 IST)
തിരുവനന്തപുരം: പേരൂർക്കട അമ്പലംമുക്കിലെ അലങ്കാര ചെടി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി
രാജേന്ദ്രൻ കൊലയ്ക്ക് ഉപയോഗിച്ച കത്തി പൈപൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കൊലപാതക കേസിലെ പ്രധാന തെളിവുകളിൽ ഒന്നാണ് ഈ കത്തി. രാജേന്ദ്രന്റെ കസ്റ്റഡി കാലാവധി തീരാനിരിക്കെയാണ് പ്രധാന തെളിവായ കത്തി കഴിഞ്ഞ ദിവസം കണ്ടെടുത്തത്.
ചോദ്യം ചെയ്യലിൽ താൻ പേരൂർക്കടയിൽ ജോലി ചെയ്തിരുന്ന ടീ സ്റ്റാളിന് തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലെ താമസ സ്ഥലത്താണ് കത്തി സൂക്ഷിച്ചിട്ടുള്ളതെന്നു വെളിപ്പെടുത്തി. തുടർന്ന് രാജേന്ദ്രനുമായി ഉപയോഗ ശൂന്യമായ വാഷ് ബസിന്റെ മലിന ജലം ഒഴുകുന്ന പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കത്തി കണ്ടെത്തി. ഇതോടെ പ്രധാന തെളിവുകൾ എല്ലാം പോലീസ് ശേഖരിച്ചു കഴിഞ്ഞു. കോവിഡ് പരിശോധനയ്ക്കും വൈദ്യ പരിശോധനയ്ക്കും ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.
ദൃക്‌സാക്ഷികൾ ഇല്ലാത്ത ഈ കേസിലെ പ്രധാന തെളിവുകൾ എല്ലാം തന്നെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കവർച്ച മുതലും ആയുധങ്ങളും പൈപ്പിൽ ഒളിപ്പിക്കുന്നത് ഇയാളുടെ സ്ഥിരം ശൈലിയാണെന്നാണ് പോലീസ് പറയുന്നത്. പൈപ്പുകളുടെ ദ്വാരങ്ങൾ പെട്ടന്ന് ആരും ശ്രദ്ധിക്കില്ല എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിനീതയുടെ മാലയുടെ ചുട്ടി, മാല പണയം വച്ച രസീത് എന്നിവയും രാജേന്ദ്രൻ സ്വന്തം സ്ഥലമായ തോവാളയ്ക്കടുത്ത് അഞ്ചു ഗ്രാമത്തിലെ വീട്ടിനുള്ളിലെ പൈപ്പിലായിരുന്നു സൂക്ഷിച്ചത്.