മൂന്നാറില്‍ സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്ക്; സ്ത്രീ തൊഴിലാളികള്‍ നിരാഹാരസമരത്തിലേക്ക്

മൂന്നാര്‍| JOYS JOY| Last Updated: ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (18:19 IST)
മൂന്നാറില്‍ തോട്ടം തൊഴിലാളി സമരത്തിനിടെ സംഘര്‍ഷം. മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും വെവ്വേറയാണ് സമരം നടത്തിയത്. സ്ത്രീകളുടെ സമരസ്ഥലത്തേക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ത്രീ തൊഴിലാളികള്‍ നടത്തിവന്ന രാപകല്‍ സമരം ഉപേക്ഷിച്ചു. നാളെമുതല്‍
നിരാഹാരസമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍.

ഒരുമിച്ച് സമരം നടത്തണമെന്ന ട്രേഡ് യൂണിയനുകളുടെ അഭ്യര്‍ത്ഥന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് രാപകല്‍ സമരവുമായി ഒറ്റയ്ക്ക് മുന്നോട്ട് പോകാന്‍ സ്ത്രീകള്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നായിരുന്നു സമരം ചെയ്യുന്ന സ്ത്രീകള്‍ക്കു നേര കല്ലേറ് ഉണ്ടായത്.

കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റു. തുടര്‍ന്ന് പൊലീസ് ലാത്തിവീശിയത് സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ചു. നാലു മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു പൊലീസുകാരനും, ഒരു സ്ത്രീ തൊഴിലാളിക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.

തോട്ടംമേഖലയിലെ കുറഞ്ഞ കൂലി 500 രൂപയാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ തോട്ടം ഉടമകള്‍ തയ്യാറായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. എന്നാല്‍ തൊഴിലാളി യൂണിയനുകളുടെ സമരത്തില്‍ പങ്കെടുക്കാതെ പ്രത്യേകമായാണ് പെമ്പിള ഒരുമൈ സമരം നടത്തുന്നത്. ഇതാണ് ട്രേഡ് യൂണിയനുകളുടെ ക്ഷുഭിതരാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :