സംസ്ഥാനത്ത് ജനാധിപത്യ രീതിയില്‍ പോലും പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 3 നവം‌ബര്‍ 2020 (15:49 IST)
സംസ്ഥാനത്ത് ജനാധിപത്യ രീതിയില്‍ പോലും പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്റെ ഭാഗമാണ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണിനെതിരായ പോലീസ് നടപടിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ക്ലിഫ്ഹൗസിന് മുന്നില്‍ ജനതാദള്‍ സംഘടിപ്പിച്ച സമരം പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി. വാളയാറിലെ ബാലികമാരുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പതിനേഴ് ദിവസം മുന്‍പാണ് ജനതാദള്‍(ജോണ്‍) വിഭാഗം പ്രതിഷേധ ജാഥ ആരംഭിച്ചത്.

ജാഥാനായകനേയും പ്രവര്‍ത്തകരേയും ക്ലിഫ്ഹൗസിന് പരിസരത്ത് നിന്നും ഭ്രാന്തന്‍ നായ്ക്കളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് പോലീസ് നേരിട്ടത്.ജാഥയുടെ സമാപനവേദിയായ ദേവസ്വം ബോര്‍ഡ് ജംഗ്ഷനിലെത്തുന്നതിനും സമാപന സമ്മേളനും നടക്കുന്നതിനും മുന്‍പ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പോലീസ് പിടിച്ചു കൊണ്ടുപോയത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല. ഫാസിസ്റ്റ്,സ്റ്റാലിനിസ്റ്റ് നടപടിയാണിത്.ഫ്യൂഡല്‍ വ്യവസ്ഥയില്‍ മാത്രം കാണുന്ന നടപടികളാണ് പോലീസ് നടത്തിയത്.കാട്ടുനീതിയാണ് മുഖ്യമന്ത്രി കേരളത്തില്‍ നടപ്പാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :