Idukki|
രേണുക വേണു|
Last Modified ശനി, 28 ജൂണ്‍ 2025 (21:35 IST)
Mullaperiyar Dam: മുല്ലപ്പെരിയാര്‍ ഡാം നാളെ (ജൂണ്‍ 29) തുറക്കും. രാവിലെ പത്തിന് ഡാമില്‍ നിന്ന് പുറത്തേക്ക് വെള്ളം ഒഴുക്കിവിടുമെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
രാത്രി ഡാമിന്റെ ഷട്ടറുകള്‍ തുറക്കരുതെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം മുഖവിലയ്‌ക്കെടുത്തു. ഇന്ന് (ജൂണ്‍ 28) ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ഡാമിലെ ജലനിരപ്പ് ഇപ്പോള്‍ 135.95 അടിയാണ്. ജലനിരപ്പ് 136 അടിയിലേക്ക് എത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് കേരളത്തെ അറിയിച്ചിരുന്നു. ഡാം തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ ഇടുക്കി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റുകയാണ്. ഇവര്‍ക്കായി ഇരുപതിലധികം ക്യാംപുകള്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.
ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് ഇടുക്കി ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ നാളെ തുറക്കാന്‍ തീരുമാനിച്ചത്. പൊലീസ് അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു.