തിരുവനന്തപുരം|
VISHNU N L|
Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (18:39 IST)
മൂലമറ്റം ജലവൈദ്യുത നിലയത്തിലെ മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ സര്‍ക്യൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ലെങ്കിലും സംസ്ഥാനത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. പൊട്ടിത്തെറിച്ച സര്‍ക്യൂട്ട് ബ്രേക്കറിന്റെ ചീളുകള്‍ സമീപത്തുള്ള യന്ത്രസാമഗ്രികളില്‍ തട്ടി തകരാറിലായതു മൂലം മറ്റു ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാതായതാണ് വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം.
ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാതായതോടെ
300 മെഗാവാട്ടിന്റെ കമ്മിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി ലോവര്‍ പെരിയാറില്‍ അറ്റകുറ്റപ്പണിയിലായിരുന്ന 60 മെഗാവാട്ട് ജനറേറ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. മൂലമറ്റത്തെ ആറു ജനറേറ്ററുകളില്‍ അഞ്ചും നാളെ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും അതോടെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാമെന്നു പ്രതീക്ഷിക്കുന്നതായും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
തകരാറിലായ ജനറേറ്റര്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് നന്നാക്കി പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമം. മാറ്റി വയ്ക്കുന്നതിനുള്ള സര്‍ക്യൂട്ട് ബ്രേക്കറുകള്‍ മൂലമറ്റത്തും കളമശേരിയിലും ഉണ്ട്. ഇക്കാര്യത്തില്‍ സുരക്ഷയ്ക്കാണു മുന്‍തൂക്കമെന്നും തിരക്കു കൂട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.