കൊച്ചി|
VISHNU N L|
Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (17:45 IST)
കേരളത്തില്‍ പ്രത്യക്ഷ, പരോക്ഷ പ്രവര്‍ത്തനത്തിലൂടെ സ്വാധീനം സൃഷ്ടിക്കാന്‍ കച്ചകെട്ടിയെത്തിയ മാവോയിസ്റ്റുകളുടെ കാല്‍ചുവട്ടിലെ മണ്ണ് ഇളകുന്നതായി റിപ്പോര്‍ട്ടുകള്‍. നഗരങ്ങളില്‍ ആക്രമണത്തിനായി മാവോയിസ്റ്റുകള്‍ രൂപീകരിച്ച അര്‍ബന്‍ ആക്ഷന്‍ കമ്മിറ്റികളുടെ പ്രവേര്‍ത്തനം നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഇടങ്ങളില്‍ നടത്തിയ ആക്രമണങ്ങളുടെ പേരില്‍ നാലു പ്രവര്‍ത്തകര്‍ പിടിയിലായതോടെ ഇവയുടെ സൂത്രധാരന്മാരായ നേതാക്കള്‍ ഒളിവില്‍ പോയതോടെയാണ് കമ്മിറ്റികള്‍ പൊളിഞ്ഞത്.
ഇത് മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ബാധിച്ചതായാണ് വിലയിരുത്തല്‍. ഇതോടെ നഗരങ്ങളില്‍ നിന്ന് മാവോയിസ്റ്റുകള്‍ക്ക് പിന്തിരിയേണ്ടതായി വന്നിട്ടുണ്ട്. അതേസമയം, കൊച്ചിയടക്കം നഗരങ്ങളില്‍ നടത്തിയ ആക്രമണങ്ങളുടെ സൂത്രധാരനായ, നക്സല്‍ബാരി പക്ഷത്തില്‍പ്പെട്ട പ്രധാന നേതാവിനെ പൊലീസ് തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശിയായ സഖാവ് എന്നു വിളിപ്പേരുള്ള ഇയാളുടെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ യുവാവും കര്‍ണാടക താവളമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി യുവാവും അടക്കം ഒന്‍പതുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പതിനഞ്ചു പേരടങ്ങിയ സംഘമാണ് നഗരങ്ങളിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്.
കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ തമ്മിലടി രൂക്ഷമായി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് മാവോയിസ്റ്റുകള്‍ക്ക് അടിപതറുന്നതായുള്ള വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ നഗരങ്ങളില്‍ നേരിട്ട തിരിച്ചടിയെത്തുടര്‍ന്നു വടക്കന്‍ ജില്ലകളിലെ വനാന്തരങ്ങളും ആദിവാസി കോളനികളും കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ പൊലീസിനും സര്‍ക്കാരിനും കഴിയാത്തത് മാവോയിസ്റ്റുകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.