വിഴിഞ്ഞം; ടെന്‍ഡര്‍ സമര്‍പ്പിച്ചത് അദാനി മാത്രം

തിരുവനന്തപുരം| VISHNU N L| Last Updated: വെള്ളി, 24 ഏപ്രില്‍ 2015 (18:51 IST)
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ടെന്‍ഡര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിച്ചെങ്കിലും ടെന്‍ഡര്‍ സമര്‍പ്പിച്ചത് ഒറ്റ കമ്പനി മാത്രം. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ അദാനി പോര്‍ട്ട്സ് ലിമിറ്റഡ് ആണ് ഇതുവരെ ടെന്‍ഡര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച ഏക കമ്പനി.

ആദാനി ഗ്രൂപ്പ്‌ സമര്‍പ്പിച്ച ടെന്‍ഡര്‍ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ്‌ സമിതി പരിഗണിക്കും. ഒറ്റ ടെന്‍ഡര്‍ മാത്രം ലഭിച്ച സ്‌ഥിതിക്ക്‌ ഇനിയും ടെന്‍ഡര്‍ ക്ഷണിക്കാനുള്ള സാധ്യതയുണ്ട്‌. ആദാനി ഗ്രൂപ്പിനെ തന്നെ നിര്‍മാണ ചുമതല ഏല്‍പ്പിക്കണോ എന്ന കാര്യം ആദ്യം എംപവേര്‍ഡ്‌ സമിതിയും പിന്നീട്‌ സര്‍ക്കാരും തീരുമാനിക്കും

മുമ്പ്‌ ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി കഴിഞ്ഞിട്ടും ആരും മുന്നോട്ട്‌ വന്നിരുന്നില്ല. തുടര്‍ന്ന്‌ ടെന്‍ഡര്‍ വിളിക്കുന്നതിനുള്ള സമയം നീട്ടി നല്‍കുകയായിരുന്നു. ആദ്യത്തെ കാലാവധി അവസാനിക്കുന്നതിന്‌ മുമ്പ്‌ ആദാനി ഗ്രൂപ്പ്‌ ഉള്‍പ്പെടെ മൂന്ന്‌ കമ്പനികള്‍ ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയിരുന്നു. എന്നാല്‍ സമയം അവസാനിക്കുന്നതിന്‌ മുമ്പ്‌ ആരും മുന്നോട്ട്‌ വന്നിരുന്നില്ല.

തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മൂന്നു കമ്പനികളുമായും ചര്‍ച്ചകള്‍ നടത്തി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അദാനി പോര്‍ട്സ് ഉന്നയിച്ച ഒരു പ്രധാന തടസവാദം വിഴിഞ്ഞത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവു ലഭിക്കുമോ എന്ന ആശങ്കയായിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കേന്ദ്ര തുറമുഖ മന്ത്രിയുമായി ചര്‍ച്ച നടത്തി നിയമത്തില്‍ ഇളവു ലഭിക്കുമെന്ന് ഉറപ്പു വരുത്തി. ഇതോടെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ അദാനി ഗ്രൂപ്പ് തയാറായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :