രേണുക വേണു|
Last Modified വ്യാഴം, 24 ഏപ്രില്‍ 2025 (10:17 IST)
Mukesh Nair: പ്രമുഖ വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി ചിത്രമെടുക്കുകയും അത് നവമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കോവളം പൊലീസാണ് മുകേഷ് നായര്‍ക്കെതിരെ കേസെടുത്തത്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുന്‍പാണ് റീല്‍സ് ചിത്രീകരണം നടന്നത്. മുകേഷ് നായര്‍ ഈ റീല്‍സില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അര്‍ധനഗ്ന ഫോട്ടോ എടുക്കുകയും അത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായി. ചിത്രീകരണ സമയത്ത് കുട്ടിയുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചെന്നും പരാതിയിലുണ്ട്. പ്രതി മുകേഷ് നായര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് സൂചന. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.