ഗൂഗിള്‍ മീറ്റിങ്ങിലാണെന്ന് മുകേഷേട്ടന്‍ എന്നോട് പറഞ്ഞു, പിന്നെയും ഞാന്‍ ആറ് തവണ വിളിച്ചു; മുകേഷ് എംഎല്‍എയെ വിളിച്ച കുട്ടി

രേണുക വേണു| Last Modified തിങ്കള്‍, 5 ജൂലൈ 2021 (13:22 IST)

നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെ ഫോണില്‍ വിളിച്ചത് പാലക്കാട് ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ വിഷ്ണുവെന്ന പത്താം ക്ലാസ് വിദ്യാര്‍ഥി. സ്‌കൂളില്‍ കുറേ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനുള്ള മൊബൈല്‍ ഫോണ്‍ സൗകര്യം ഇല്ല. ഇക്കാര്യം അറിയിക്കാനാണ് താന്‍ മുകേഷിനെ വിളിച്ചതെന്ന് കുട്ടി പറഞ്ഞു. സുഹൃത്തിന് ഫോണ്‍ കിട്ടാന്‍ വേണ്ടിയാണ് വിളിച്ചത്. മുകേഷിനോട് തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

'മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോള്‍ മുകേഷേട്ടന്‍ ഗൂഗിള്‍ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞ് വിളിക്കാനും പറഞ്ഞു. പിന്നീട് ഞാന്‍ ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റ് കട്ടായി എന്ന് പറഞ്ഞ് മുകേഷേട്ടന്‍ തിരിച്ചുവിളിച്ചു. ഞാന്‍ ഫോണ്‍ വിളിച്ചത് റെക്കോര്‍ഡ് ചെയ്തത് സിനിമാ നടനെ വിളിച്ചതുകൊണ്ടാണ്. സ്‌കൂളില്‍ ഒരുപാട് കുട്ടികള്‍ക്ക് ഫോണ്‍ ഇല്ലാത്തവര്‍ ഉണ്ട്. അതിനൊരു സഹായത്തിന് സിനിമാനടന്‍ കൂടി അല്ലേ..അതുകൊണ്ടാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്,' കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചതില്‍ തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും കുട്ടി പറഞ്ഞു. ഫോണ്‍ ഇല്ലാത്ത കുട്ടികള്‍ക്ക് മുകേഷ് ഫോണ്‍ വാങ്ങി കൊടുക്കന്നതായി കേട്ടെന്നും അതുകൊണ്ടാണ് വിളിച്ചതെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :