സ്വര്‍ണാഭരണ ശാലയുടെ ഓഹരികള്‍ വാദാനം ചെയ്ത് പണം തട്ടിയതായി പരാതി

കോഴിക്കോട്| Last Modified ശനി, 5 ജൂലൈ 2014 (15:56 IST)
കോഴിക്കോട് നഗരത്തില്‍ ആരംഭിക്കാനിരിക്കുന്ന പ്രമുഖ സ്വര്‍ണാഭരണ ശാലയുടെ ഓഹരികള്‍ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി പരാതി. കൊയിലാണ്ടി സ്വദേശി ഷൈജിത്ത്, ഭാര്യ ജാസ്മിന്‍, പിതാവ് ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ്
പണം തട്ടിയെന്ന് പരാതിയില്‍ പറയുന്നു.

നഗരത്തില്‍ ഉടന്‍ തന്നെ തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണ്ണാഭരണ കട തുടങ്ങുന്നെന്നും ഇതിനായി ഓഹരികള്‍ നല്‍കാമെന്നും പറഞ്ഞ് കബളിപ്പിച്ചാണ്‌ പണം തട്ടിയെടുത്തത്. കാരപ്പറമ്പ് സ്വദേശി ത്രേസ്യാമ്മ ജോസില്‍ നിന്നും ആറര ലക്ഷവും റീന ഫെര്‍ണാണ്ടസില്‍ ന്നിന്ന് അഞ്ചര ലക്ഷവും മലാപ്പറമ്പ് രാജേഷിന്‍റെ ഇരുപത്തി മൂന്നര പവന്‍ സ്വര്‍ണവും മൂന്നു ലക്ഷം രൂപയും ഇവര്‍ തട്ടിയെടുത്തതായി പറയുന്നു.

ത്രേസ്യാമ്മയ്ക്ക് പണം വാങ്ങിയതിന്‌ ഉറപ്പ് എന്ന നിലയില്‍ ധനലക്ഷ്മി ബാങ്കിന്‍റെ ആറ് ചെക്കുകള്‍ നല്‍കിയിരുന്നു. റീനയ്ക്ക് രണ്ട് ചെക്കുകളും.

എന്നാല്‍ പണം ലഭിക്കാതെ വന്നപ്പോള്‍ ചെക്കുകളുമായി സമീപിച്ചപ്പോള്‍ ഇവര്‍ ബ്ലേഡ് പലിശക്കാരാണെന്നും തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പണം ലഭിക്കാനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ്‌ പണം നഷ്ടപ്പെട്ടവര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :