മോഡിക്കെതിരേ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കിംഗ് ഖാന്‍

മുംബൈ| Last Modified ചൊവ്വ, 20 മെയ് 2014 (15:56 IST)
ബിജെപിയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ താന്‍ പരാമ‍ര്‍ശം നടത്തിയതായുള്ള വാര്‍ത്തകളെ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തള്ളി. മോഡി പ്രധാനമന്ത്രിയായാല്‍ താന്‍ ഇന്ത്യ വിടുമെന്ന് ഷാരൂഖ് ട്വീറ്റ് ചെയ്തതായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വാര്‍ത്ത പരന്നിരുന്നു. ഇക്കാര്യം ട്വിറ്ററിലൂടെ തന്നെ കിംഗ് ഖാന്‍ നിഷേധിച്ചു.

"ഞാന്‍ ചെയ്യാത്ത ട്വീറ്റ് ചെയ്തു എന്ന് പ്രചരിപ്പിക്കുന്ന വിഡ്ഡികളോട് പറയാനുള്ള നല്ല സമയം വന്നിരിക്കുന്നു. 16ന് ഞാന്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലെ വ്യാകരണപ്പിശക് കണ്ടെടുത്ത് നിങ്ങള്‍ എന്തും പ്രചരിപ്പിക്കുകയാണ്"- മോഡി ട്വിറ്ററില്‍ എഴുതി.

തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയ ദിവസമായ 16ന് ഷാരൂഖ് പോസ്റ്റ് ചെയ്ത ട്വീറ്റാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. "എന്തൊരു ജനവിധിയാണ് ജനങ്ങള്‍ നല്‍കിയത്. മാറ്റം സ്ഥിരമാണ് എന്ന് ഇത് ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുകയാണ്. ഇനി വിശ്വാസത്തില്‍ ഉറച്ച് മുന്നോട്ട് പോകേണ്ട സമയമാണ്" എന്നായിരുന്നു ട്വീറ്റ്.

ടെലിവിഷന്‍ നടനും ബിഗ് ബോസ് പരിപാടിയിലെ മുന്‍ താരവുമായ കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെയാണ് ഈ ട്വീറ്റിന്റെ പേരില്‍ വിവാദത്തിന് വഴിതുറന്നത്. മോഡി ജയിച്ചതിനാല്‍ താന്‍ ഇന്ത്യ വിടുന്നുവെന്ന് കെആര്‍കെ ട്വീറ്റ് ചെയ്തു. എസ്ആര്‍കെയും (ഷാരൂഖ് ഖാന്‍)​ മറ്റുള്ളവരും അവരുടെ വാക്ക് പാലിക്കുമോയെന്ന് എനിക്കറിയില്ല. എന്നാല്‍ ഞാന്‍ വാക്കു പാലിക്കും​ ​​​- കെആര്‍കെ ട്വിറ്ററില്‍ എഴുതി. ഇതോടെയാണ് മോഡി പ്രധാനമന്ത്രിയായാല്‍ ഷാരൂഖ് ഖാന്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞതായി വാര്‍ത്ത പരന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :