‘സമരസമയത്ത് കാട്ടിലായിരുന്നു പരിപാടി, സകല വൃത്തികേടുകളും അവിടെ നടന്നിട്ടുണ്ട്’; പെമ്പിളൈ ഒരുമക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി എം എം മണി

പെമ്പിളൈ ഒരുമൈക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി എം.എം മണി

ഇടുക്കി| സജിത്ത്| Last Modified ഞായര്‍, 23 ഏപ്രില്‍ 2017 (14:55 IST)
മൂന്നാറിലെ കൂട്ടായ്മക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി വൈദ്യുതി മന്ത്രി എം എം മണി. പൊമ്പളൈ ഒരുമ സമരകാലത്ത് കുടിയും സകലവൃത്തികേടുകളുമാണ് അവിടെ നടന്നിട്ടുള്ളത്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി എന്നും അസഭ്യച്ചുവ കലര്‍ന്ന ഭാഷയില്‍ എം എം മണി പറഞ്ഞു. ഒന്നാം മൂന്നാർ ഒഴിപ്പിക്കൽ കാലത്ത് ദൗത്യസംഘതലവനായിരുന്ന സുരേഷ് കുമാറും മാധ്യമപ്രവർത്തകരും സർക്കാർ ഗസ്റ്റ് ഹൗസിൽ മദ്യപാനത്തിലായിരുന്നുവെന്നും അടിമാലിയിലെ ഇരുപതേക്കറില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകനായ ടോം സക്കറിയ കയ്യേറ്റക്കാരനല്ലെന്ന് മണി ആവര്‍ത്തിച്ചു. ഒരു കഴിവുകെട്ട കളക്ടറാണ് ജി ആര്‍ ഗോകുല്‍. എന്നാല്‍ ദേവികുളം സബ് കലക്ടർ വി. ശ്രീറാമാവട്ടെ വെറും ചെറ്റയും. അതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ടോം സക്കറിയയ്ക്കെതിരെ കേസ് എടുത്തത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും യുഡിഎഫ് നേതാക്കളെയും ഊളമ്പാറയ്ക്കു വിടേണ്ട സമയമായെന്നും മണി പറഞ്ഞു.

പക്ക ആർഎസ്എസുകാരനാണ് ചെന്നിത്തല. സബ് കലക്ടർ വളരെ യോഗ്യനാണെന്ന സർട്ടിഫിക്കറ്റ് ചെന്നിത്തല കൊടുത്തിട്ടുണ്ട്. ചെന്നിത്തലയുടെ നിലവിലുള്ള പശ്ചാത്തലം കൂടി കണക്കിലെടുക്കുമ്പോള്‍ സബ് കലക്ടർ വർഗീയവാദിയാണെന്ന തന്റെ വാദം ശരിയാണെന്നാണ് തെളിയുന്നതെന്നും മണി പറഞ്ഞു. അതേസമയം പെമ്പിളൈ ഒരുമ കൂട്ടായ്മക്കെതിരെ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ അവരുടെ നേതാവ് ഗോമതി രംഗത്തെത്തി. മണി നേരിട്ട് വന്ന് മാപ്പു പറയുന്നത് വരെ സമരം ചെയ്യുമെന്നും ഗോമതി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :