തിരുവനന്തപുരം|
VISHNU.NL|
Last Modified വെള്ളി, 25 ജൂലൈ 2014 (18:01 IST)
പെണ്‍വാണിഭ കേസിലെ പ്രതി എംഎല്‍എ ഹോസ്‌റ്റലില്‍ താമസിച്ച സംഭവത്തില്‍ പോലീസിന് വീഴ്‌ച പറ്റിയിട്ടില്ലെന്നും അയാള്‍ എങ്ങനെ ഹോസ്റ്റലില്‍ എത്തിയെന്ന് അന്വേഷിക്കേണ്ടത് സ്പീക്കറാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ സംഭവത്തേക്കുറിച്ച് എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
ഒളികാമറയിലുടെ കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്‌ത് പണം തട്ടിയ കേസിലെ അഞ്ചാം പ്രതിയായ ജയ ചന്ദ്രനെയാണ് പൊലീസ് എംഎല്‍എ ഹോസ്‌റ്റലില്‍ നിന്ന് പിടികുടിയത്. മുന്‍ എംഎല്‍എ ടി ശരത്‌ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്.
അതേ സമയം എംഎല്‍എ ഹോസ്‌റ്റലിനുള്ളില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ഒളിച്ചു താമസിച്ചതായി സ്‌പീക്കര്‍ ജി കാര്‍ത്തികേയന്റെ ഓഫീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
സംഭവം ഗൗരവമേറിയതാണെന്നും ഹോസ്‌റ്റല്‍ മുറി ഉപയോഗിക്കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശമുണ്ടാകുമെന്നും ഇതിനായി സര്‍വകക്ഷിയോഗം വിളിക്കുമെന്നും സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. എംഎല്‍എ ഹോസ്‌റ്റലും പരിസരവും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നും ഹോസ്‌റ്റലിലെ മുറി അനുവദിച്ചതില്‍ ക്രമക്കേടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.