നെല്‍വിന്‍ വില്‍സണ്‍|
Last Modified വെള്ളി, 30 ഏപ്രില്‍ 2021 (13:29 IST)
കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി. കോവിഡ് വ്യാപനത്തിനിടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് ഭയപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു.
സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സ്വകാര്യ ആശുപത്രികളില്‍ നിശ്ചയിച്ചിട്ടുള്ള കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു. ചികിത്സാ നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്ക്കുന്നതില്‍ കൂടുതലായി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. പല സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ആര്‍.അനിത എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്.