യുപിയില്‍ കയ്യേറ്റക്കാരും പൊലീസും ഏറ്റുമുട്ടി; എസ്‌പിയുള്‍പ്പെടെ 21 പേര്‍ മരിച്ചു, ഇരുനൂറിലധികം പേരെ കസ്‌റ്റഡിയിലെടുത്തു, പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു

സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്

യുപിയില്‍ കയ്യേറ്റക്കാരും പൊലീസും ഏറ്റുമുട്ടി , പൊലീസ് മേധാവി കൊല്ലപ്പെട്ടു , വെടിവയ്‌പ്പ്
മഥുര| jibin| Last Modified വെള്ളി, 3 ജൂണ്‍ 2016 (09:52 IST)
ഉത്തര്‍പ്രദേശില്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മഥുര പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. നാല്പതോളം പേര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഥുര എസ് മുകുള്‍ ദ്വിവേദിയാണ് സംഘര്‍ഷത്തില്‍ മരിച്ചത്. പൊലീസ് കോണ്‍സ്‌റ്റബിള്‍മാരും കൊല്ലപ്പെട്ടു.

സംസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു.

വ്യാഴാഴ്ച രാത്രി മഥുര ജവഹര്‍ ബാഗിലെ ഭൂമി നിയമവിരുദ്ധമായി കയ്യേറിയ സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകരെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ വിധിപ്രകാരമായിരുന്നു നടപടി. സംഭവസ്ഥലത്ത് എത്തിയ പൊലീസിനെ മൂവയിരത്തോളം വരുന്ന ആന്ദോളൻ പ്രവർത്തകര്‍
കല്ലുകള്‍ കൊണ്ട് നേരിടുകയായിരുന്നു.

ജനക്കൂട്ടം അക്രമാസക്തരായതോടെ പൊലീസും വെടിയുതിർക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതകവും പ്രയോഗിച്ചു. ഇതിനിടെ ആക്രമികള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കയ്യേറ്റക്കാര്‍ തോക്കും സ്ഫോടന വസ്തുക്കളും കരുതിയിരുന്നതായി പൊലീസ് ഐജി എച്ച്ആര്‍ ശര്‍മ പറഞ്ഞു. അക്രമത്തില്‍ പങ്കുള്ളതായി തെളിഞ്ഞ ഇരുനൂറിലധികം പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. കയ്യേറ്റക്കാരെ നേരിടുന്നതിനായി കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ച പൊലീസുകാരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപവീതം ധനസഹായം നൽകുമെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.

വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകര്‍ രണ്ടു വർഷം മുമ്പ് മഥുര ജവഹര്‍ ബാഗിലെ ഭൂമി നിയമവിരുദ്ധമായി കയ്യേറി സമരം ചെയ്യാന്‍ ആരംഭിച്ചത്. ഇന്ത്യൻ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തെരഞ്ഞെടുപ്പ് റദ്ദാക്കുക, ഇപ്പോഴത്തെ ഇന്ത്യൻ കറൻസിക്ക് പകരം 'ആസാദ് ഹിന്ദ് ഫൗജ്' കറൻസി ഉപയോഗിക്കുക, ഒരു രൂപയ്ക്ക് 60 ലീറ്റർ ഡീസലും 40 ലീറ്റർ പെട്രോളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :