അറസ്റ്റിലൂടെ കോടതിയെ അപമാനിച്ചെന്ന് മാര്‍ട്ടിന്റെ അഭിഭാഷകന്‍; കോടതിയിലും നാടകീയ രംഗങ്ങള്‍

രേണുക വേണു| Last Updated: വെള്ളി, 11 ജൂണ്‍ 2021 (16:47 IST)

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനായി ഹൈക്കോടതിയില്‍ ഹാജരായത് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍. പ്രതിക്ക് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ശക്തിയുക്തം കോടതിയില്‍ വാദിച്ചു. എന്നാല്‍, മാര്‍ട്ടിന്റെ അറസ്റ്റില്‍ തെറ്റൊന്നും ഇല്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു. പൊലീസിനെ കുറ്റപ്പെടുത്തി പ്രതിയെ ജാമ്യത്തില്‍ ഇറക്കാനും അഭിഭാഷകന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. മുന്‍കൂര്‍ ജാമ്യം ഫയല്‍ ചെയ്തിരുന്നതായും പ്രതിയെ അറസ്റ്റ് ചെയ്തതിലൂടെ പൊലീസ് കോടതിയെ തന്നെ അപമാനിക്കുകയായിരുന്നെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, പ്രതിയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നില്ലല്ലോ എന്നും അതിനാല്‍ അറസ്റ്റ് ചെയ്ത നടപടിയില്‍ തെറ്റില്ലെന്നും ഹൈക്കോടതി പറഞ്ഞു.


അതേസമയം, കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ മട്ടന്നൂര്‍ സ്വദേശിയായ ഇരുപത്തിയേഴുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ കേസുകള്‍. മാര്‍ട്ടിനെതിരെ പീഡന പരാതിയുമായി കാക്കനാട് സ്വദേശിയായ യുവതിയും രംഗത്തെത്തി. രണ്ടാമത്തെ പരാതിക്കാരിയുടെ മൊഴികള്‍ അനുസരിച്ചു മട്ടന്നൂരിലെ യുവതി രക്ഷപ്പെട്ട ശേഷമാണു മാര്‍ട്ടിന്‍ കാക്കനാട്ടെ യുവതിയെ അവരുടെ ഫ്‌ളാറ്റിലെത്തി ഉപദ്രവിച്ചത്. ഡേറ്റിങ് ആപ്പുകള്‍ വഴി യുവതികളെ പരിചയപ്പെടുകയാണ് മാര്‍ട്ടിന്‍ ആദ്യം ചെയ്യുന്നത്. ഒരുമിച്ചു താമസിക്കാന്‍ താല്‍പര്യമുള്ള യുവതികളെ കണ്ടുപിടിച്ചു അവരുമായി ബന്ധം സ്ഥാപിക്കും. അതിനുശേഷം ഫ്‌ളാറ്റിലേക്ക് ക്ഷണിക്കും. കൂടുതല്‍ യുവതികളെ പ്രതി മാര്‍ട്ടിന്‍ ഉപദ്രവിച്ചിരിക്കാനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ സമാനസ്വഭാവമുള്ള രണ്ട് പീഡനക്കേസുകളിലാണു പ്രതിക്കെതിരെ അന്വേഷണം നടക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :