എസ് ഹർഷ|
Last Updated:
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (15:43 IST)
മരട് ഫ്ലാറ്റ് കേസിൽ സുപ്രീം കോടതിയിൽ നിന്നും രൂക്ഷമായ വിമർശനമാണ് സർക്കാരിനു ഏറ്റുവാങ്ങേണ്ടി വന്നത്. കോടതി വിധി പാലിക്കാത്തത് ഞെട്ടലുണ്ടാക്കുന്നുവെന്ന് പറഞ്ഞ സുപ്രീം കോടതി വിഷയത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിൽ നിയമം ലംഘിച്ച് നടത്തിയ മുഴുവൻ നിർമാണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനും ഇവർക്കെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നുമാണ് സുപ്രീം കോടതി ഉത്തരവ്. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഉത്തരവ് നടപ്പാക്കാൻ വിമുഖത ഉണ്ടെന്ന് വ്യക്തമായതായി വിമർശിച്ച കോടതി വെള്ളിയാഴ്ച പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകൾ പൊളിക്കാൻ മൂന്ന് മാസം സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയും കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.