‘മരട് ഫ്ലാറ്റ് പൊളിക്കാൻ സർക്കാരിന് താത്പര്യമില്ല, കേരളത്തിന്റെ നിലപാട് ഞെട്ടലുണ്ടാക്കുന്നു’; കുറ്റകരമായ അനാസ്ഥയെന്ന് സുപ്രീംകോടതി

  marad flat case , marad , supreme court , സര്‍ക്കാര്‍ , മരട് കേസ് , ഫ്ലാറ്റ് , ചീഫ് സെക്രട്ടറി
ന്യൂഡൽഹി| മെര്‍ലിന്‍ സാമുവല്‍| Last Updated: തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (13:49 IST)
മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്ന് സുപ്രീംകോടതി. നിയമലംഘനത്തിനെ സർക്കാർ പിന്തുണയ്‌ക്കുകയാണോ എന്നും ചീഫ് സെക്രട്ടറി ടോം ജോസിനോട് കോടതി ചോദിച്ചു.

രൂക്ഷമായ ഭാഷയിലാണ് ജസ്‌റ്റീസ് അരുണ്‍ മിശ്ര പ്രതികരിച്ചത്.
ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കും. കേരളത്തിന്റെ നിലപാട് ഞെട്ടലുണ്ടാക്കുന്നു. സർക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസില്ല. നിയമലംഘനത്തിനെ സർക്കാർ പിന്തുണയ്‌ക്കുകയാണോ ചെയ്യുന്നത് ?. ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

ഉത്തരവ് നടപ്പാക്കാന്‍ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. ഫ്ലാറ്റ് പൊളിക്കാന്‍ മൂന്നു മാസം വേണമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. മൊത്തം തീരദേശനിര്‍മാണങ്ങളെക്കുറിച്ചു പഠനം നടത്തേണ്ടിവരുമെന്നും കോടതി പറഞ്ഞു.

എത്രപേര്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നുണ്ടെന്ന് അറിയാമോ എന്ന് കോടതി ചീഫ് സെക്രട്ടറിയോടു ചോദിച്ചു. കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്‌തിട്ടില്ല. ദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക 4 ഫ്ലാറ്റുകളിലെ 300 കുടുംബങ്ങളാവും. ശക്തമായ വേലിയേറ്റമുണ്ടായാല്‍ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു.

ഇതോടെ കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ ഇടപെടുകയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് സമയം ആവശ്യമാണെന്ന് കോതിയെ ബോധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച റിപ്പോര്‍ട്ട് നൽകാൻ ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദേശിക്കുകയായിരുന്നു. അതേസമയം, സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിൽ പ്രതികരിക്കാനില്ലെന്നാണ് ചീഫ് സെക്രട്ടറി പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :