കൊച്ചി|
മെര്‍ലിന്‍ സാമുവല്‍|
Last Updated:
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (15:43 IST)
വ്യവസായിയെ പ്രലോഭിപ്പിച്ച് രഹസ്യ കേന്ദ്രത്തിലെത്തിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്‌മെയിൽ ചെയ്‌ത് പണം തട്ടിയ കേസിൽ യുവതിയടക്കം നാലുപേർ അറസ്‌റ്റില്‍.
കണ്ണൂര്‍ പയ്യന്നൂർ വെള്ളക്കടവ് മുണ്ടയോട്ടിൽ സവാദ് (25), തളിപ്പറമ്പ് പരിയാരം പുൽക്കൂൽ വീട്ടിൽ അഷ്കർ (25), കടന്നപ്പള്ളി ആലക്കാട് കുട്ടോത്ത് വളപ്പിൽ മുഹമ്മദ് ഷഫീഖ് (27), എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വർഗീസ് (26) എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
സാവദിന്റെ നേതൃത്വത്തില്‍ ഖത്തറിൽ വെച്ചാണ് തട്ടിപ്പ് നടന്നത്. ഫേസ്‌ബുക്ക് വഴി മേരി വര്‍ഗീസ് വ്യവസായിയുമായി സൗഹൃദം സ്ഥാപിക്കുകയും താമസസ്ഥലത്തേക്ക് ക്ഷണിക്കുകയുമായിരുന്നു. മുറിയില്‍ വെച്ച് ഇരുവരും ശാരീരികമായി ഇടപെഴുകുകയും ചെയ്‌തു. മുറിയില്‍ സാവദ് സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിയുകയും ചെയ്‌തു.
നാട്ടിലെത്തിയ വ്യവസായിയുടെ ഫോണിലേക്കു പ്രതികൾ ചിത്രങ്ങൾ അയച്ച് നല്‍കുകയും ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കണമെങ്കില്‍ 50 ലക്ഷം രൂപ തരണമെന്ന് പറയുകയും ചെയ്‌തു. അത്രയും തുക നൽകാനാവില്ലെന്ന് വ്യക്തമാക്കിയ ഇയാള്‍ കുറച്ചു പണം സവാദിന്റെ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറി.
ഇതിനിടെ സുഹൃത്തിന്റെ ഉപദേശപ്രകാരം വ്യവസായി വിവരം പൊലീസിനെ അറിയിച്ചു. ഖത്തറില്‍ അന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ച പൊലീസ് സവാദിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ പരിശോധിച്ച് തെളിവുകള്‍ കണ്ടെത്തി.
കണ്ണൂർ തളിപ്പറമ്പിലെ എടിഎം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ പ്രതികള്‍ ഒള്‍വില്‍ പോയി.
ഫോണ്‍ ഓഫ് ചെയ്‌ത് തളിപ്പറമ്പിൽ നിന്ന് ബെംഗളൂരുവിലേക്കു പോയ പ്രതികളുടെ പിന്നാലെ പൊലീസ് തിരിച്ചിരുന്നു. എന്നാൽ, പ്രതികൾ ഇടയ്ക്കുവെച്ച് മടിക്കേരിയിൽ ലോഡ്ജ് എടുത്ത് താമസിച്ചു. ഇവിടെ വെച്ചാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.